ഉദ്ഘാടനത്തിന് പിന്നാലെ 4200 കോടിയുടെ റോഡ് തകര്‍ന്നു. ഉത്തര്‍പ്രദേശ് ലക്നൗ– കാണ്‍പൂര്‍ എക്സ്പ്രസ് വേയിലാണ് സംഭവം. തകര്‍ന്നതിന് പിന്നാലെ റോഡില്‍ അറ്റക്കുറ്റപണി നടത്തുകയും റോഡ് പെട്ടന്ന് ഉണങ്ങി കിട്ടാനായി വൈദ്യുത ഫാനുകള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
മഴയെ തുടര്‍ന്ന് റോഡിന്‍റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച നിർമാണവസ്തു വേഗത്തിൽ ഉണങ്ങുന്നതിനും മഴ മൂലമുണ്ടായ ഈർപ്പം കുറയ്ക്കുന്നതിനുമായാണ് ഫാനുകൾ ഉപയോഗിച്ചതെന്നും ഇത് താൽക്കാലിക സാങ്കേതിക നടപടിയുടെ ഭാഗമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ ഇന്ത്യയിലെ ദേശീയപാതകളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള വിമര്‍ശനം രൂക്ഷമാണ്.
ജൂലൈ 13–ാം തീയതി ഉദ്ഘാടനം നിര്‍വഹിച്ച റോഡാണ് വെറും രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തകര്‍ന്നത്. തകര്‍ന്ന റോഡിന്‍റെ ഭാഗത്ത് ഒന്നിലധികം ഫാനുകള്‍ പ്രവര്‍ത്തിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. ഫാന്‍ ഉപയോഗിച്ചാണോ ടാറിട്ട റോഡ് ഉണക്കുന്നത് എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം.