AI Image
15 ലക്ഷം ശമ്പളത്തിന് ജോലിക്ക് കയറിയ ജീവനക്കാരി ലാപ്ടോപ്പുമായി മുങ്ങി. സോഷ്യല്‍മീഡിയയിലൂടെയാണ് ജയ്പൂര്‍ വന്ഷീവ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതർപാൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ദിവ്യ എന്ന യുവതി വാര്‍ഷിക പാക്കേജായ 15 ലക്ഷം ശമ്പളത്തിനാണ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. നിലവിലുള്ള കമ്പനിയില്‍ നോട്ടീസ് പീരിഡ് മൂന്നുമാസമാണെന്നും അതിനുശേഷമേ കമ്പനിയിലേക്ക് വരാന്‍ സാധിക്കൂവെന്നും യുവതി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോലിക്കെത്തുന്നതിന് മൂന്നുദിവസം മുന്‍പ് യുവതി 50,000 രൂപ കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടു. കമ്പനിയിലേക്ക് വീണ്ടും പെട്ടന്ന് ഒരാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാല്‍ അത് ഒഴിവാക്കാനായി കമ്പനി ആ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് കമ്പനിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കമ്പനി നല്‍കിയ ലാപ്ടോപ്പും യുവതി കൈപ്പറ്റി. ലാപ്ടോപ് കിട്ടിയതിനു പിന്നാലെ തനിക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് യുവതി വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കമ്പനി ആ കാര്യവും അംഗീകരിച്ചു.
വര്‍ക്ക് ഫ്രം ഹോം നല്‍കി അടുത്ത ദിവസം മുതല്‍ യുവതി ഓഫിസില്‍ നിന്നുള്ള കോളുകള്‍ക്കോ ഇമെയിലുകള്‍ക്കോ മറുപടി നല്‍കിയില്ല. പിന്നീട് കമ്പനി ബന്ധപ്പെട്ടപ്പോള്‍ ചില പ്രശ്നങ്ങളുണ്ട്. ജോലി തുടരാന്‍ കഴിയില്ല, രാജി വയ്ക്കുകയാണെന്ന് യുവതി വ്യക്തമാക്കി. ലാപ്ടോപ്പിന്‍റെ കാര്യം ചോദിച്ചപ്പോള്‍ 'ആവശ്യമെങ്കില്‍ വന്ന് എടുത്തോളൂ' എന്നായിരുന്നു യുവതിയുടെ മറുപടിയെന്നും സിഇഒയുടെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ നിശ്ചിത സമയത്തിനകം ഓഫിസില്‍ ലാപ്ടോപ്പ് ഏല്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് സിഇഒ ഇമെയില്‍ അയച്ചു. ഇതിന്‍റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിയമപരമായ പ്രശ്നങ്ങള്‍ വന്നേക്കാമെന്ന് ഭയന്ന യുവതി ലാപ്ടോപ്പ് കമ്പനിയില്‍ തിരികെ ഏല്‍പിക്കുകയായിരുന്നു. നിലവിലെ കമ്പനി വാഗ്ദാനം ചെയ്തതിനെക്കാള്‍ കൂടുതല്‍ ശമ്പളം മറ്റൊരു കമ്പനി വാഗ്ദാനം ചെയ്തതാണ് യുവതി ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് വ്യക്തമായി. നിരവധിയാളുകളാണ് സിഇഒയെ അനുകൂലിച്ച് കമന്‍റുമായെത്തിയത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.