Image: Kerala High Court, Manorama

ഹൈക്കോടതിയിൽ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചിൽ രാവിലെ ഹർജികളുടെ മെൻഷനിങ് നടക്കുന്നു. അതിനിടയിൽ സ്വയം കേസുകൾ വാദിക്കുന്ന സ്ഥിരം ഹർജിക്കാരനായ എൻ.പ്രകാശ് എഴുന്നേറ്റ് തന്റെ ഹർജി പിൻവലിക്കാൻ അനുമതി തേടി. ഹർജിയിൽ ചില സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രകാശ് എണീറ്റത്. എന്നാൽ സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തതോടെ കഥ മാറി. ഹർജിക്കാരൻ കോടതിയെ കബളിപ്പിച്ചിരിക്കുകയാണെന്നും, ഹർജിക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ കേസ് ലിസ്റ്റ് അനുസരിച്ച് പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു.

അങ്ങനെ, അഞ്ചാം നമ്പർ കേസായി വിവാദ ഹർജിയെത്തി. ഈ സമയം കോടതി സത്യവാങ്മൂലം പരിശോധിച്ചു. സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് അഡ്വ.എൻ.ആനന്ദ്. വക്കീലറിയാതെ എങ്ങനെ ഒപ്പിട്ടെന്ന് ഹർജിക്കാരന്റെ വിശദീകരണം ഉടനെത്തി. 

'നേരത്തെ മുതിർന്ന അഭിഭാഷകന്റെ ഓഫീസിൽ താൻ കുറച്ച് കാലം സ്റ്റെനോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലയളവിൽ അവിടെ ജൂനിയർ അഭിഭാഷകൻ ആയിരുന്ന അഡ്വ.എൻ.ആനന്ദാണ് തന്റെ ഹർജികളിലെ സത്യവാങ്മൂലങ്ങൾ സാക്ഷ്യപ്പെടുത്തിരുന്നത്. സ്ഥിരമായി ഹർജികൾ നൽകുമ്പോൾ തന്റെ ഒപ്പ് ഉപയോഗിക്കാൻ അഭിഭാഷകൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തവണ ഹൈക്കോടതി അഭിഭാഷകർക്ക് എതിരെയാണ് ഹർജി. അതിനാൽ സമീപവാസിയായ മറ്റൊരു അഭിഭാഷകന്റെ സത്യവാങ്മൂലമാണ് ഹർജിക്കൊപ്പം ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഹർജി അപ്‌ലോഡ് ചെയ്തപ്പോൾ അബദ്ധം സംഭവിച്ചു' എന്നായിരുന്നു ഹർജിക്കാരന്റെ വിശദീകരണം. 

എന്നാൽ ഏതൊരു സത്യവാങ്മൂലവും തന്റെ മുന്നിൽ വച്ച് ഒപ്പിടുന്നു എന്നാണ് അഭിഭാഷകൻ സാക്ഷ്യപ്പെടുത്തുക എന്ന് കോടതി ഓർമിപ്പിച്ചു. അതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കാം, പക്ഷേ, ഇതേ ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യം നൽകില്ലെന്ന് കോടതി വ്യക്തമാക്കി. അഡ്വ.എൻ. ആനന്ദിന് ഹർജിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു. കൂടുതൽ നടപടികൾക്ക് മുതിരുന്നില്ല എന്ന് പറഞ്ഞാണ് കേസിന്റെ പരിഗണന കോടതി അവസാനിപ്പിച്ചത്.

പണി വന്ന വഴി

ഹൈക്കോടതിയിലെ കേന്ദ്ര, സംസ്ഥാന സർക്കാർ അഭിഭാഷകർ വാഹനങ്ങളിൽ "High court of Kerala" എന്ന ബോർഡ് വെക്കുന്നതിനെതിരെയായിരുന്നു ഹർജി. അഭിഭാഷകർക്കെതിരായ ഹർജിയിൽ ആര് ഒപ്പിട്ടു എന്ന ഹൈക്കോടതി അഭിഭാഷകരുടെ അന്വേഷണമാണ് ഹർജിക്കാരനായ എൻ.പ്രകാശിന്റെ  തട്ടിപ്പ് പുറത്താക്കിയത്. അഡ്വ.എൻ.ആനന്ദിന്റെ ഒപ്പാണ് അഭിഭാഷകർ കണ്ടത്. താൻ അങ്ങനെ ഒരു ഒപ്പിട്ടിട്ടില്ല എന്നായിരുന്നു അഡ്വ.ആനന്ദിന്റെ പ്രതികരണം. അഭിഭാഷകരുടെ സമൂഹമാധ്യമ കൂട്ടായ്മകളിൽ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സർക്കാർ അഭിഭാഷകൻ വ്യാജ ഒപ്പിന്റെ കാര്യം കോടതിയെ അറിയിച്ചത്

ഇനി വരാനുള്ള പണി: 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി കോടതിയലക്ഷ്യ, പൊതുതാൽപര്യ ഹർജികളാണ് മരട് സ്വദേശി എൻ.പ്രകാശ് നൽകിയിരുന്നത്. വഴിതടഞ്ഞുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്ക് കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നു. ഈ ഹർജികളിലെ ഒപ്പും വ്യാജമാണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുകയാണ് അഭിഭാഷകർ. ഒപ്പ് വ്യാജമാണെങ്കിൽ ഈ ഹർജികളിലെ നടപടികൾ അടക്കം ചോദ്യം ചെയ്യപ്പെടും. ഇതോടൊപ്പം വ്യാജ ഒപ്പിട്ടതിന് ക്രിമിനൽ നടപടികളും നേരിടേണ്ടി വരും. നേരത്തെ ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്നയാളാണ് എൻ.പ്രകാശ്. ഹൈക്കോടതിയിലെ സ്ത്രീ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ അവിടെ നിന്നും പുറത്താക്കുകയായിരുന്നു. വിവിധ വിഷയങ്ങളിൽ കോടതിയെ സമീപിച്ച് സ്വയം വാദിക്കുന്നതാണ് ഇയാളുടെ രീതി. എന്തായാലും, ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞാൽ സ്വന്തം കേസ് വാദിക്കാൻ പ്രകാശിന് അഭിഭാഷകനെ വയ്ക്കേണ്ടിവരും.

ENGLISH SUMMARY:

A party-in-person petitioner, N. Prakash, landed in legal trouble at the Kerala High Court after trying to withdraw a petition filed against government advocates using vehicle name boards. It was revealed that the signature on the affidavit belonged to Advocate N. Anand without his knowledge. While Justice Murali Purushothaman allowed the withdrawal without permitting him to refile, lawyers are now planning to investigate other past petitions filed by Prakash over potential fake signatures.