അനുവദനീയമായതിൽ കൂടുതൽ അളവില്‍ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്‍റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. സെപ്റ്റംബർ 17-ന് അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ നേരത്തെ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കസ്റ്റഡി നടപടികളും തൊണ്ടിമുതൽ കണ്ടെടുക്കലും പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. മദ്യം കണ്ടെടുത്ത കെട്ടിടം നിലവിൽ തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും ബാങ്ക് ജപ്തി ചെയ്ത് വിറ്റ പ്രോപ്പർട്ടിയാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, വീടിന്റെ കരമടച്ച രസീത് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നും വിലാസം ഇതാണെന്നും കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാല്‍ കരമടച്ച രസീത് മാത്രം ഉടമസ്ഥാവകാശത്തിന് തെളിവാകില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
മെസിയുടെ പേരിലെ തട്ടിപ്പിന്‍റെ പോരില്‍ പൊലീസും എക്സൈസും വയനാട്ടിലെ വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 67 ലീറ്റര്‍ മദ്യം പിടിച്ചെടുക്കുന്നത്. തുടർന്ന് കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ഓഫിസിൽ നിന്നാണ് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. ഹര്‍ജിയില്‍ വിധി വന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആന്റോ അഗസ്റ്റിൻ ഉടൻ ജയിൽ മോചിതനാകും.