Image Credit :Facebook

ഡാനിഷ് രാജകുടുംബത്തില്‍ നിന്ന് പൂർണ സൈനിക സേവനത്തിന് വിധേയയാകുന്ന ആദ്യത്തെ വനിതാ അംഗമായി ചരിത്രം കുറിച്ച് ഇസബെല്ല രാജകുമാരി. 11 മാസത്തെ സൈനിക സേവനത്തിനാണ് 19കാരി കൂടിയായ ഡെന്‍മാര്‍ക്ക് പ്രിന്‍സസ് ഇസബെല്ല തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 3നാണ് പ്രിന്‍സസ് ഇസബെല്ല സൈനിക സേവനം ആരംഭിച്ചിരിക്കുന്നത്. സാധാരണക്കാരെ പോലെ ബാഗി ജീന്‍സ് സ്വീഡ് ജാക്കറ്റും ധരിച്ച് സ്ലാഗൽസെയിലെ ആന്‍വർസ്‌കോവ് ബാരക്കിലേക്ക് കയറിപ്പോകുന്ന രാജകുമാരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

കിങ് ഫ്രെഡറിക് പത്താമന്റെയും ക്വീൻ മേരിയുടെയും മൂത്ത മകളായ ഇസബെല്ല, ഹൈസ്കൂൾ ബിരുദം നേടി ആഴ്ചകൾക്കകമാണ് ഗാർഡ് ഹുസ്സാർ റെജിമെന്റിൽ എത്തിയത്. ഇതേ ബാരക്കിലാണ് ജ്യേഷ്ഠൻ ക്രൗൺ പ്രിൻസ് ക്രിസ്റ്റ്യനും സൈനിക സേവനം പൂർത്തിയാക്കിയത്. സാധാരണയായി ലഭിക്കുന്ന ശമ്പളമോ പ്രതിദിന അലവൻസുകളോ വേണ്ടെന്ന് വച്ചുകൊണ്ടാണ് പ്രിന്‍സസ് ഇസബെല്ല സൈനിക സേവനം പൂര്‍ത്തിയാക്കുക. സൈനിക സേവനത്തിന്‍റെ ഭാഗമായി ലഭിക്കുന്ന തുക സ്വീകരിക്കേണ്ടതില്ല എന്ന് ഇസബെല്ല സ്വയം തീരുമാനിച്ചതാണെന്നും, പകരം സൈനിക സേവനകാലത്ത് മാതാപിതാക്കളുടെ സാമ്പത്തിക സഹായത്തെ ആശ്രയിക്കുമെന്നും ഡാനിഷ് രാജകുടുംബം വ്യക്തമാക്കി. ഡെൻമാർക്കിലെ സൈനികർക്ക് സാധാരണയായി അവരുടെ 11 മാസത്തെ സേവനകാലയളവിൽ പ്രതിമാസ ശമ്പളത്തോടൊപ്പം നികുതി രഹിതമായ പ്രതിദിന അലവൻസും ലഭിക്കാറുണ്ട്. ഇതാണ് പ്രിന്‍സസ് ഇസബെല്ല വേണ്ടെന്ന് വച്ചത്.

യുക്രെയ്ന്‍ യുദ്ധത്തിന്‍റെയും യൂറോപ്പിലെ സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ഡെൻമാർക്ക് തങ്ങളുടെ സായുധ സേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. 2024ൽ ഡെൻമാർക്ക് സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് സേവന കാലാവധി നാല് മാസത്തിൽ നിന്ന് 11 മാസമായി നീട്ടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രിന്‍സസ് ഇസബെല്ലയുടെ സൈനിക പ്രവേശനവും.

ENGLISH SUMMARY:

Princess Isabella of Denmark has made history by becoming the first female member of the Danish Royal Family to undertake full military service. This significant step marks a new era for royal engagement with national defense, especially in the context of increased European security concerns.