വിഡിയോയില്‍ നിന്നുള്ള ദൃശ്യം
വെള്ളം കുടിക്കുന്ന ഗ്ലാസില്‍ മൂത്രമൊഴിച്ച്, ആഹാരം കഴിക്കുന്ന പാത്രങ്ങളില്‍ തളിക്കുന്ന വീട്ടുജോലിക്കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ വീട്ടില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പത്തു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന വീട്ടിലെ കുടുംബത്തോടാണ് സമന്ത്ര എന്ന സ്ത്രീ ഈ പാതകം കാണിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമന്ത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തു വര്‍ഷം കണ്ണടച്ചു വിശ്വസിച്ച ജോലിക്കാരിയാണ് തങ്ങളോട് ഈ ദ്രോഹം ചെയ്തതെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുറച്ചുകാലമായി സമന്ത്രയുടെ അസാധാരണമായ പെരുമാറ്റവും രീതികളും കണ്ട് സംശയം തോന്നിയതുകൊണ്ടാണ് സിസിടിവിയിലൂടെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു. പരാതിയെത്തുടർന്ന് നഗിന പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയും പൊതുസമാധാനം ലംഘിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.
സമന്ത്ര നടന്നുപോകുന്നതും പിന്നിലേക്ക് നോക്കിക്കൊണ്ട് ഗ്ലാസെടുത്ത് മൂത്രമൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം പുറത്തുവന്നതോടെ സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അറപ്പും വെറുപ്പുമുളവാക്കുന്ന പ്രവൃത്തിയെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്. മാനസികപ്രശ്നങ്ങളുണ്ടാവാമെന്ന് ചില സംശയങ്ങളുണ്ടെങ്കിലും ദുരുദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്ന നിലപാടിലാണ് വലിയൊരു വിഭാഗവും.
കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവം ഗാസിയാബാദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രോസിംഗ്സ് റിപ്പബ്ലിക് റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഒരു ഫ്ലാറ്റിൽ മാവ് കുഴയ്ക്കാൻ മൂത്രം കലർത്തി എന്ന് ആരോപിച്ച് യുപി പോലീസ് ഒരു വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തിരുന്നു. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കാൻ വീട്ടുജോലിക്കാരി മൂത്രം കലർത്തിയെന്ന് ഒരു താമസക്കാരനിൽ നിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.