Image Credit: instagram.com/sadaa17

Image Credit: instagram.com/sadaa17

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവുകേട്ട്  പൊട്ടിക്കര‍ഞ്ഞ്  നടി സദ. നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നതിനായാണ് ഈ ഉത്തരവെന്നും അത് രഹസ്യമാക്കി വയ്ക്കുകയാണ് അധികൃതര്‍ എന്നും താരം ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ ആരോപിക്കുന്നു. ഏങ്ങലടിച്ച് പൊട്ടിക്കരഞ്ഞാണ് നടി നായ്ക്കളോട് ഇത്രയും ക്രൂരത അധികൃതര്‍ കാണിക്കരുതെന്ന് പറയുന്നത്.  എട്ടാഴ്ചയ്ക്കകം സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മൂന്ന് ലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ കഴിയില്ല. 

തെരുവുനായ്ക്കളെ യഥാസമയം വന്ധ്യംകരിക്കാനോ, വാക്സീന്‍ നല്‍കാനോ കഴിയാതെ അവ പെറ്റുപെരുകുന്ന അവസ്ഥയുണ്ടാക്കിയത് സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിടിപ്പുകേടാണ്.  ബജറ്റ് വിഹിതമുണ്ടായിട്ട് പോലും എബിസിയൊന്നും ഇത്രയും വര്‍ഷമായിട്ടും നടപ്പിലാക്കാന്‍ വേണ്ട ഒരു തീരുമാനവും ഉണ്ടായില്ല. 

മൃഗസ്നേഹികളും സന്നദ്ധ സംഘടനകളും അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സദ പറയുന്നു. കണ്ടെത്തുന്ന നായ്ക്കള്‍ക്ക് ഭക്ഷണവും വാക്സീനുമടക്കം വേണ്ടതെല്ലാം നല്‍കുന്നുണ്ടെന്നും താനും അതിന്‍റെ ഭാഗമാണെന്നും നിലവിലെ വാര്‍ത്ത സഹിക്കാന്‍ പറ്റുന്നതിന് അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

രാജ്യത്ത് തെരുവുനായക്കള്‍ ഇത്രയധികം പെരുകാന്‍ കാരണം ബ്രീഡ് ലവേഴ്സിന്‍റെ അത്യാഗ്രഹമാണെന്നും  സദ തുറന്നടിക്കുന്നു. ഓരോ തവണയും നായ്ക്കളെയും പൂച്ചകളെയും ബ്രീഡ് ചെയ്തെടുക്കുമ്പോള്‍ തെരുവിലുള്ള നായ്ക്കളും പൂച്ചകളും ദത്തെടുക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും ഇങ്ങനെയുള്ളവരുടെ അത്യാഗ്രഹമാണ് വിനയാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ സ്വയം മൃഗസ്നേഹികളെന്ന് വിളിക്കരുതെന്നും താരം   പറയുന്നു.

'ഡല്‍ഹിയിലെ അവസ്ഥയില്‍ എന്താണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് അറിയില്ല. വിധി പുറത്തുവന്നുകഴിഞ്ഞു. സമാധാനപരമായി തെരുവില്‍ സമരം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയെന്ത് ചെയ്യാന്‍ പറ്റുമെന്നോ എങ്ങനെ നായ്ക്കളെ രക്ഷിക്കാനാകുമെന്നോ എനിക്കറിയില്ല. അവര്‍ കടന്നു പോകാന്‍ പോകുന്ന ദുരിതവും വേദനയും ആലോചിക്കാനേ ആവുന്നില്ല. ലജ്ജ കൊണ്ട് എന്‍റെ തല കുനിഞ്ഞ് പോകുകയാണ്. ഹൃദയം തകരുന്നു.ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരത്തിലൊരു കൂട്ടക്കൊലയ്ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ലജ്ജിച്ച് തല താഴ്ത്തുകയാണ്. നമ്മുടെ രാജ്യത്തെ ഓർത്ത് ലജ്ജ തോന്നുന്നു. ഒരു വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാത്തവരെ ഓർത്ത് ലജ്ജ തോന്നുന്നു. ദയവായി, ഈ തീരുമാനം പിൻവലിക്കുക'– എന്നും സദ ആവശ്യമുയര്‍ത്തുന്നു.

ENGLISH SUMMARY:

Actress Sadha reacts tearfully to the Supreme Court's order to move stray dogs in Delhi to shelters. The actress condemns the decision, highlighting the potential for inhumane treatment and urging reconsideration.