governor-criticizes-supreme-court-vc-appointment

വൈസ് ചാൻസലർ  നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നടപടികളെ പരസ്യമായി വിമർശിച്ച് ഗവർണർ. വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. കോടതി നേരിട്ട് വി.സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഗവർണർ നിലപാടെടുത്തു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി. സദാശിവത്തിനെ ആദരിക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് ഗവർണറുടെ വിമർശനം.

വി.സി. നിയമന വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതിനെയാണ് ഗവർണർ ചോദ്യം ചെയ്തത്. യു.ജി.സി. ചട്ടങ്ങളിലും, മുൻപ് സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച കണ്ണൂർ വി.സി. കേസ് വിധിയിലും വി.സി.മാരെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ കോടതി ഈ അധികാരത്തിലേക്ക് കടന്നുകയറുകയാണ്. കോടതി നേരിട്ട് വി.സിയെ നിയമിക്കാൻ ശ്രമിക്കുന്നത് സ്വന്തം മുൻ വിധികൾക്ക് പോലും വിരുദ്ധമായ നടപടിയാണെന്നും ഗവർണർ വിമർശിച്ചു. ഡിജിറ്റൽ സാങ്കേതിക സർവകലാശാലയിലെ വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു. വി.സി. നിയമനം അനന്തമായി നീളുകയും വിദ്യാർഥികളുടെ ഭാവി ത്രിശങ്കുവിലാവുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്.

ആദ്യം സുപ്രീം കോടതി നേരിട്ട് നിയമനം നടത്തുകയായിരുന്നില്ല, പകരം ഒരു സെർച്ച് കമ്മിറ്റിയെ വെക്കുകയും അവർ നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് നിയമനം നടത്താൻ ഗവർണറോടും സർക്കാരിനോടും ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ആ പേരുകളിൽ പോലും യോജിപ്പിലെത്താൻ കഴിയാതെ വന്നതോടെയാണ് സുപ്രീം കോടതി ആ പേരുകളിൽ നിന്ന് നേരിട്ട് നിയമനം നടത്താനുള്ള തീരുമാനത്തിലേക്ക് പോയത്. ഈ നടപടിയാണ് ഇപ്പോൾ ഗവർണറുടെ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ ഗവർണർ മറ്റൊരു ഭരണഘടനാ സ്ഥാപനമായ സുപ്രീം കോടതിക്കെതിരെ പരസ്യവേദിയിൽ വിമർശനമുന്നയിക്കുന്നത് വളരെ അപൂർവമായ സംഭവമാണ്. 

ENGLISH SUMMARY:

Governor criticizes Supreme Court's intervention in VC appointments. The Governor argues that the power to appoint Vice Chancellors rests with the Chancellor, citing UGC norms and previous Supreme Court judgments.