മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശി കഴിഞ്ഞ ദിവസം തന്‍റെ ആദ്യ വിവാഹ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ ആദ്യമായി മദ്യപിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പറ്റാത്തവിധത്തിലേക്ക് ആ ശീലം മാറിയെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
"ആദ്യവിവാഹം കഴിഞ്ഞു ആ വീട്ടിൽ ചെല്ലുമ്പോൾ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ ഇതൊക്കെ സാധ്യം ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതങ്ങു പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു പോയി. പിന്നെ ഇതെല്ലാം കഴിഞ്ഞു ജോലിക്ക് പോകുന്നു. അങ്ങനെ ഞാൻ മറ്റൊരു ആളായി മാറിക്കൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിപ്പോയി. എനിക്ക് പ്രകടിപ്പിക്കാനും ആരുംഇല്ല. പിന്നെ ഞാൻ എടുത്ത തീരുമാനം ആയിരുന്നു വിവാഹം, അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാനും ഞാൻ ഒരുപാട് വാശി കാണിച്ചു. എല്ലാം അറിയുന്ന ആൾ കലച്ചേച്ചി ആയിരുന്നു. നേരെ ആക്കാൻ ചേച്ചിയും ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും നമ്മൾ വേറെ ഒരാൾ ആയി മാറി കഴിഞ്ഞു. നമ്മൾ തീരെ കുഴിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
ഞാൻ സിനിമയിൽ വരുമ്പോൾ ശ്രീദേവി മാഡത്തെകുറിച്ച് കേട്ടിട്ടുണ്ട്, ഷൂട്ടിങ് കഴിഞ്ഞു തളർന്നിരിക്കുന്ന അവർക്ക് ഒന്ന് റിലാക്സ് ആകാൻ ഒരു ഡ്രിങ്ക്സ് കൊണ്ടു വന്നു കൊടുക്കുമെന്ന്. കാരണം അവർ വളരെ ഹെവി ആയി ജോലി ചെയ്യുന്നു. അത് കൊടുത്താണ് അവരെ പിടിച്ചു നിർത്തുന്നത് എന്ന് അവരോടൊപ്പം അഭിനയിച്ച രാധയെ പോലെയുള്ളവർ പറഞ്ഞിട്ടുണ്ട്. ശ്രീദേവി മാഡത്തോടൊപ്പം അഭിനയിച്ച കുട്ടി പത്മിനി എന്നൊരു നടിയും അത് പറഞ്ഞിട്ടുണ്ട്. എനിക്ക് ചെന്നുകയറിയ വീട്ടിൽ നിന്നാണ് ആ ഒരു പരിചയം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞു വരുമ്പോൾ ഒന്ന് റിലാക്സ് ആകാൻ വേണ്ടി എല്ലാവരും കൂടി ഇരുന്നു കഴിക്കും. പക്ഷേ, പിന്നീട് നമ്മൾ മാത്രം ഒറ്റയാൾപട്ടാളമായി സമ്പാദ്യത്തിനുള്ള ആളാവുകയും നമുക്ക് ഇഷ്ടമല്ലാതെ പലതും ചെയ്യേണ്ടി വന്നു.
അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ ഡ്രിങ്ക്സ് കഴിക്കുന്നത് കൂടും. അതിനനുസരിച്ച് നമ്മുടെ ആരോഗ്യം മോശം ആവുകയും ചെയ്തു. എനിക്ക് അതിനും മാത്രമുള്ള ആരോഗ്യം ഇല്ല. ഉറക്കം നഷ്‌ടമാകുന്നു. ഇതൊക്കെ ചെയ്താലും ഉറക്കം വരില്ല. ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്നു. ഇത് രണ്ടും പോയ അവസ്ഥയിൽ മാനസിക നില മാറും. ഭക്ഷണവും ആരോഗ്യവും ഇല്ലാതെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിച്ചു. പിന്നെ ചുറ്റുപാടും മറക്കും. ഇതെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. പക്ഷേ, എന്റെ സുഹൃത്തുക്കളും പേഴ്സണൽ സ്റ്റാഫും എല്ലാവരും ചേർന്ന് എന്നെ അതിൽ നിന്നും മോചിപ്പിക്കാനും തീരുമാനം എടുക്കേണ്ടി വന്നു. ബലമായി എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ മുന്നോട്ടു വന്നു. ആ സമയത്ത് എന്റെ വീട്ടിൽ നിന്നും കുറച്ചു ആളുകൾ പറഞ്ഞു, സത്യം ഒന്നും പുറത്തു പറയണ്ട എന്ന്.
ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവൾ ആണ് പെൺകുട്ടി എന്ന രീതിയിൽ ആണ് എന്നെ വളർത്തിയത്. ആ രീതിയിൽ ഞാൻ ജീവിച്ചു. അത് മാറാൻ കുറേകാലം എടുത്തു.ഞാൻ മിണ്ടാതെ ഇരുന്നത് എന്റെ കുഞ്ഞുങ്ങളെ ഓർത്തിട്ടാണ്. പക്ഷേ, മറുഭാഗത്ത് നിന്നു വന്ന വിശദീകരണങ്ങൾ ഒന്നും ശരിയായ രീതിയിൽ ആയിരുന്നില്ല. അത് കേൾക്കുമ്പോൾ നിങ്ങളുടെ കടമയാണ് നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് എന്ന് സുഹൃത്തുക്കൾ പറഞ്ഞു. 1985 മുതൽ 95 വരെ മലയാള സിനിമയിൽ ആക്റ്റീവ് ആയി നിന്ന ഉർവശി എന്താണെന്ന് ഇവിടെ ഉള്ളവർക്കും സഹപ്രവർത്തകർക്കും അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന്റെ കാരണവും വ്യക്തമാണ്. എനിക്ക് ഇങ്ങനെ ഒരു നിയോഗം ഉണ്ടായിരുന്നു. എന്റെ മകൾ ഇങ്ങനെ രണ്ടുപേരുടെ മകളായി ജനിക്കണം എന്നത്. ആ നിയോഗം പൂർത്തിയായി. ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല.