odisha-girl

TOPICS COVERED

ഒഡീഷയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അജ്ഞാതര്‍ തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഭുവനേശ്വര്‍ എയിംസില്‍ ചികില്‍സയിലാണ്. തീകൊളുത്തിയവരെ പിടികൂടാന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് സ്ത്രീസുരക്ഷ അപകടത്തിലായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ ഒന്‍പതുമണിയോടെ പുരി ജില്ലയിലെ ബയബര്‍ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. സഹപാഠിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് സമീപത്തെ നദിക്കരയിലേക്ക് ബലമായി കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും 70 ശതമാനം പൊള്ളലേറ്റതിനാല്‍ ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റി. 

അക്രമികള്‍ അപ്പോള്‍തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീടിന് ഒന്നരക്കിലോമീറ്റര്‍ അടുത്തുവച്ചാണ് സംഭവം. ആര്‍ക്കും വ്യക്തിവിരോധമുള്ളതായി അറിയില്ലെന്ന് കുടുംബം പ്രതികരിച്ചു. പ്രതികളെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.  ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി പ്രവതി പരിദ സാധ്യമായ എല്ലാ ചികില്‍സയും നല്‍കുമെന്ന് അറിയിച്ചു. 

ENGLISH SUMMARY:

In a shocking incident in Odisha, a schoolgirl was stopped on a public road and set on fire by unidentified individuals. The severely injured girl is currently undergoing treatment at AIIMS Bhubaneswar. Police have launched an investigation with two special teams deployed to trace the culprits. The opposition has strongly criticized the government, alleging a severe breakdown in women's safety in the state.