ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് ഭര്‍ത്താവ് നല്‍കേണ്ട നഷ്ടപരിഹാരം 5 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തി കോടതി. ഭർത്താവിന്റെയും ബന്ധുക്കളുടെയും 'സാമ്പത്തിക സ്ഥിതി' കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്‍റെ കുടുംബത്തെ കോടീശ്വരന്‍മാര്‍ എന്ന് കോടതി വിശേഷിപ്പിക്കുകയും ചെയ്തു. 2020-ൽ മുംബൈ അന്ധേരി മജിസ്‌ട്രേറ്റ് കോടതി സ്ത്രീക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരു ലക്ഷം രൂപ പ്രതിമാസ ജീവനാംശവും നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതന്മേലുള്ള അപ്പീലിലാണ് തുക ഉയര്‍ത്തിയത്
1997 ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 1998 മുതൽ താൻ ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സ്ത്രീയുടെ പരാതി. ഭര്‍ത്താവില്‍ നിന്നുള്ള ശാരീരിക അക്രമണങ്ങളടക്കം നേരിട്ടിരുന്നെന്നും യുവതി പറഞ്ഞു. ഇവര്‍ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിട്ടും അക്രമം തുടർന്നുവെന്നും പരാതിക്കാരി ആരോപിച്ചു. പരാതി നല്‍കിയ ശേഷം ഗാർഹിക പീഡനത്തിന് തെളിവുണ്ടെന്ന് നിരീക്ഷിച്ച് മജിസ്ട്രേറ്റ് കോടതി അവർക്ക് ജീവനാംശവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടിരുന്നു.
മകളുടെ ഭാവി ചെലവുകൾക്കായി അഞ്ച് കോടി രൂപ ഉൾപ്പെടെ ആകെ 12 കോടി രൂപയാണ് അവർ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗാർഹിക പീഡന ആരോപണങ്ങൾ ഭർത്താവും കുടുംബവും നിഷേധിച്ചു, കൂടാതെ തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ടെന്ന് അവകാശപ്പെട്ടു. അതിനാല്‍ വലിയ തുക നഷ്ടപരിഹാരം നൽകാൻ തങ്ങള്‍ക്ക് കളിയില്ലെന്നും കുടുംബം പറഞ്ഞു.
എന്നാല്‍ കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. 2012 ൽ കുടുംബം ഒരു കോടി രൂപയിൽ കൂടുതൽ വിലയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങിയെന്നും കുടുംബത്തിന്‍റെ കൈവശമുള്ള കമ്പനിക്ക് ബാധ്യതകളുണ്ടെന്നതിന് ഒരു തെളിവും നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ കുടുംബം കോടീശ്വരന്‍മാരാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി വഷളായതായി തെളിയിക്കുന്ന ഒന്നും അദ്ദേഹം കാണിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞു. അതിനാല്‍ തന്നെ നഷ്ടപരിഹാരം 5 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയര്‍ത്തുന്നതായും കോടതി വ്യക്തമാക്കി.