Image: AI Generated (Left), AFP (Right)

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് യുവതി നിയന്ത്രണരേഖ കടന്നു. നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാക്കിസ്ഥാനിലെത്തിയത്. മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് സുനിത പാക്കിസ്ഥാനിലേക്ക് കടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാസ്റ്ററെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ സുനിത നേരത്തെ രണ്ടുപ്രാവശ്യം അതിര്‍ത്തിയില്‍ എത്തിയിരുന്നുവെങ്കിലും അട്ടാരിയില്‍ വച്ച് മടക്കി അയയ്ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാണ്. 

പാക് കസ്റ്റഡിയിലാണ് സുനിതയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്തിനാണ് പാക്കിസ്ഥാനിലെത്തിയതെന്നും ലക്ഷ്യമെന്താണെന്നുമടക്കമുള്ള വിവരങ്ങള്‍ സുനിതയോട് തേടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സുനിത അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയെന്ന വാര്‍ത്ത ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അതിര്‍ത്തി കടന്നെത്തിയ യുവതിയെ പാക്കിസ്ഥാനിലെ  ഗ്രാമീണര്‍ പിടികൂടി സൈന്യത്തിന് കൈമാറിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച്  സുനിത പോയത്. താന്‍ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നില്‍ക്കണമെന്നും നിയന്ത്രണരേഖയ്ക്കരികില്‍ നിര്‍ത്തിയ ശേഷം പറഞ്ഞുവെന്നാണ് മകന്‍ മൊഴി നല്‍കിയത്. സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികള്‍ മകനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുനിതയുടെ ഫോണും മറ്റ് വിവരങ്ങളും വിശദമായി പൊലീസ് പരിശോധിച്ചു. കുടുംബവുമായി ബന്ധപ്പെട്ടതോടെ സുനിത മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ചികില്‍സയിലാണെന്നുമായിരുന്നു സഹോദരന്‍റെ മറുപടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ENGLISH SUMMARY:

Sunita, a 43-year-old woman from Nagpur, reportedly crossed the Line of Control via Kargil to meet a pastor she had befriended online. Despite previous failed attempts at the border, she managed to slip past Indian security, leaving her son behind in a border village. Currently in Pakistani custody, the incident has raised serious security concerns and is under investigation. Indian authorities have not yet officially confirmed the border breach.