ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‍ലിങ്ങളെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി). മുസ്‍ലിംകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ കേന്ദ്രമന്ത്രിയും ആര്‍എല്‍ഡി പ്രസിഡന്‍റുമായ ജയന്ത്ര ചൗധരി പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ജാട്ട് വിഭാഗത്തിന്‍റെ പിന്തുണയുള്ള ആര്‍എല്‍ഡി കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ്.
Also Read: രാത്രി വീട്ടില്‍ കയറിവന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ടു, നിരസിച്ച 45കാരിയെ കൊലപ്പെടുത്തി ഭര്‍തൃസഹോദരന്‍
കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടാന്‍ മുസ്‍ലിം വോട്ട് നിര്‍ണായകമാണ്. ബാഗ്പത്, സഹരൻപൂർ, അംറോഹ, മുസാഫർനഗർ എന്നി ജില്ലകളിലെ മണ്ഡലങ്ങളില്‍ മുസ്‍ലിം വോട്ട് ഫലത്തെ സ്വാധീനിക്കുന്നവയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ആര്‍എല്‍ഡിയുടെ വിജയങ്ങളില്‍ ജാട്ട്- മുസ്‍ലിം വോട്ടുകള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ 2013 ലെ മുസഫര്‍നഗര്‍ കലാപത്തിനു പിന്നാലെ ജാട്ട്- മുസ്‍ലിം സമവാക്യം തകരുകയും മുസ്‍ലിം വോട്ടുകള്‍ ആര്‍എല്‍ഡിയില്‍ നിന്നും എസ്പിയിലേക്ക് മാറുകയും ചെയ്തു.
2022 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ എസ്പി സഖ്യത്തില്‍ മത്സരിച്ച പാര്‍ട്ടി പിന്നീട് എന്‍ഡിഎയിലെത്തുകയായിരുന്നു. കഴിഞ്ഞ തവണ 33 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി എട്ടിടത്ത് ജയിച്ചു. ഇതില്‍ രണ്ടു പേര്‍ മുസ്‍ലിം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ആര്‍എല്‍ഡി ബിജെപിയുമായി അടുത്തതും മുസ്‍ലിം വോട്ടര്‍മാരെ പാര്‍ട്ടിയുമായി അകറ്റി. അകന്ന മുസ്‍ലിം വോട്ടുകളെ തിരികെ എത്തിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. സിവാൽഖസ്, താന ഭവൻ, ബാഗ്പത്, അംറോഹ, കൈരാന, സംഭാൽ എന്നിവിടങ്ങളിൽ നിന്നും മുസ്ലീം ആധിപത്യമുള്ള മറ്റ് ചില മണ്ഡലങ്ങളിൽ നിന്നും മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തുന്നതിനെക്കുറിച്ചാണ് പാര്‍ട്ടി ആലോചിക്കുന്നത്.
മുസ്‍ലിംങ്ങളെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപിക്ക് പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ആര്‍എല്‍ഡി വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു നിബന്ധനയും പാര്‍ട്ടി അംഗീകരിക്കില്ലെന്ന് അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി എതിര്‍പ്പുന്നയിച്ചാല്‍ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ആര്‍എല്‍ഡി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളാണ് ആര്‍എല്‍ഡി ആവശ്യപ്പെട്ടത്. എന്നാല്‍ 15-20 സീറ്റുകള്‍ വരെ ബിജെപി ആര്‍എല്‍ഡിക്ക് നല്‍കുമെന്നാണ് സൂചന.