ഗാന്ധിജി താമസിച്ച ചരിത്രകെട്ടിടം നവീകരിച്ച് ഔദ്യോഗിക വസതിയാക്കിയതിന് പിന്നാലെ വിവാദത്തിൽ കുരുങ്ങി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിലെ 'ഗംഗ' എന്ന ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 100 കോടി രൂപ ചെലവഴിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. എന്നാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
ബെംഗളൂരുവിലെ കുമാരകൃപയിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണ് ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. 1927ൽ മഹാത്മാഗാന്ധി താമസിച്ചിരുന്ന കെട്ടിടത്തിന് 'ഗംഗ' എന്നാണ് പേര് നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ നവീകരണത്തിനായി നൂറുകോടി രൂപ ചെലവഴിച്ചെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ ആരോപണം. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന് പറയുന്ന സർക്കാർ മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കാൻ ഇത്രയും തുക ചെലവഴിച്ചത് എന്തിനാണെന്നും വിജയേന്ദ്ര ചോദിച്ചു.
അതേസമയം ആരോപണം അന്വേഷിക്കാൻ ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ തന്നെ അഞ്ചംഗ സമിതി രൂപീകരിക്കാമെന്നാണ് ഡി. കെ. ശിവകുമാറിന്റെ മറുപടി. ബിജെപി, ജെഡിഎസ്, സ്വതന്ത്ര എംഎൽഎമാർക്ക് സമിതിയിൽ അംഗങ്ങളാകാം. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകി നിയമസഭയിൽ ചർച്ച ചെയ്യാമെന്നും ഡി.കെ.തിരിച്ചടിച്ചു.