car-twist

TOPICS COVERED

ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം സിനിമയെ വെല്ലുന്ന കവർച്ചയും അപ്രതീക്ഷിത ട്വിസ്റ്റും. കർണാടകയിൽ നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാർ ഇടിച്ചു വീഴ്ത്തി യുവാവിനെ  തട്ടിക്കൊണ്ടുപോയ സംഘം 45 ലക്ഷം രൂപ കവർന്നു. എന്നാൽ, പിന്നീട് കവർച്ചയ്ക്ക് ഇരയായ യുവാവിൻ്റെ കാറിലെ രഹസ്യ അറയിൽ നിന്ന് 1.14 കോടി രൂപ പൊലീസ് കണ്ടെടുത്തതോടെ ദുരൂഹതയേറി.   

വയനാട് നായ്ക്കട്ടി സ്വദേശിയായ 39-കാരൻ മുഹമ്മദ് ഷെരീഫാണ് കവർച്ചയ്ക്ക് ഇരയായത്. കർണാടകയിൽ നിന്നും മേപ്പാടിയിലേക്ക് കാറിൽ വരികയായിരുന്ന മുഹമ്മദിനെ, ചേരമ്പാടിക്ക് സമീപം മറ്റൊരു കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാറിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 45 ലക്ഷം രൂപ സംഘം തട്ടിയെടുത്തു. എന്നാൽ, ചോലാടി ചെക്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് വാഹനത്തെ പിന്തുടർന്നതോടെ കവർച്ചാ സംഘം പരിഭ്രാന്തരായി. ഇതോടെ മുഹമ്മദിനെയും കാറിനെയും വഴിയിൽ ഉപേക്ഷിച്ച് സംഘം 45 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. തുടർന്ന് ചേരമ്പാടി പൊലീസ് സ്പെഷൽ സ്ക്വാഡിനെ നിയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. മുഹമ്മദ് സഞ്ചരിച്ച കാറിൻ്റെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 1.14 കോടി രൂപ കണ്ടെടുത്തു. മുഹമ്മദ് ഷെരീഫും കാറിൻ്റെ ഉടമയായ കബീറും കേരളത്തിൽ നിന്ന് സ്വർണം വാങ്ങി കർണാടകയിൽ വിൽക്കുന്നവരാണെന്നും, ഇത്തരത്തിൽ പണം കാറിൽ കടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ പണമുണ്ടെന്ന് കൃത്യമായി അറിയാവുന്ന സംഘമാണ് അപകടമുണ്ടാക്കി കവർച്ച നടത്തിയതെന്നാണ് നിഗമനം. കണ്ടെടുത്ത പണം പൊലീസ് ഇൻകം ടാക്സ് വകുപ്പിന് കൈമാറിയിട്ടുണ്ട്. പണവുമായി കടന്ന സംഘത്തിനായി ചേരമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കി

ENGLISH SUMMARY:

Malayala Manorama Online News reports on a dramatic kidnapping and robbery near Gudalur, where police uncovered over one crore rupees hidden in a secret car compartment during the investigation. The shocking incident reveals a complex hawala and gold trading money trail between Kerala and Karnataka.