dhanaraj-case

കണ്ണൂര്‍ പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ധനരാജിനെ വെട്ടിക്കൊന്ന കേസില്‍ 19 ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വിചാരണ നേരിട്ടത്. കണ്ണൂരില്‍ വലിയ അക്രമങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകരായ സി.കെ.രാമചന്ദ്രന്‍, ചൂരക്കാട് ബിജു എന്നിവരുടെ കൊലപാതകങ്ങള്‍ക്കും കാരണമായ ധനരാജ് വധത്തിലെ വിധി സിപിഎമ്മിനും ബിജെപിക്കും നിര്‍ണായകമാണ്.  

2016 ജൂലൈ 11-ന് രാത്രി 9.45-ഓടെ പയ്യന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടതിനാൽ, രാമന്തളിയിലെ ടി.പി. ബിജു ഒന്നാം പ്രതിയായ കേസിൽ 19 ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകരാണ് വിചാരണ നേരിട്ടത്.

ബൈക്കിൽ വീട്ടിലെത്തിയ ധനരാജിനെ വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കാലിന് വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ധനരാജിനെ വീടിന്റെ പിന്നാമ്പുറത്തെ ഷെഡിന് സമീപത്തുവെച്ച് നെഞ്ചിനും കൈകാലുകൾക്കും വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ദൃക്‌സാക്ഷികളായ അമ്മ മാധവിയെയും ഭാര്യ സജിനിയെയും കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതിപ്പട്ടികയിലെ ആദ്യ ആറുപേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. കക്കൻപാറ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള പാറയിലും, കൊലപാതകം നടന്ന ദിവസം ആർ.എസ്.എസ് പ്രവർത്തകൻ കുഞ്ഞികൃഷ്ണന്റെ ഗൃഹപ്രവേശന ചടങ്ങിലുമായാണ് ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കേസിന്റെ വിചാരണ വേളയിൽ ധനരാജിന്റെ ഭാര്യ സജിനി, അമ്മ മാധവി, അയൽവാസി പ്രജീഷ് ഉൾപ്പെടെ 43 സാക്ഷികളെ കോടതി വിസ്തരിച്ചു. എന്നാൽ ധനരാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഷിബിൻ, ഉണ്ണികൃഷ്ണൻ, അഖിൽ എന്നീ മൂന്ന് പ്രധാന സാക്ഷികൾ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 127 രേഖകളും വസ്ത്രങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയടക്കം 33 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. 

ENGLISH SUMMARY:

Today is the crucial court verdict in the Payyanur CPM worker CV Dhanaraj murder case involving BJP-RSS workers. The Thalassery Additional Sessions Court is set to deliver its judgment today in this politically sensitive trial from Kannur.