• 'തെലങ്കാനയില്‍ കൊടങ്കലും മധിരയും മാത്രമല്ല ഉള്ളത്. പതിനായിരമോ ഇരുപതിനായിരം കോടിയോ എടുത്ത് കൊടങ്കലിന് കൊടുത്തോളൂ, ഞങ്ങള്‍ക്ക് അതില്‍ ആക്ഷേപമില്ല. പക്ഷേ പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളായ മുനുഗോഡിന് അര്‍ഹമായ പങ്ക് വികസനഫണ്ടില്‍ നിന്ന് ലഭിക്കണം. ഫണ്ട് ഇനിയും തടഞ്ഞാല്‍ ഇവിടം മറ്റൊരു കുരുക്ഷേത്രമാകും. ഓര്‍ത്തോളൂ'

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ തെലങ്കാനയിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി. ആഭ്യന്തര കലഹം മറനീക്കി പുറത്ത് വന്നതോടെ പൊതുവേദികളിലടക്കം കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വന്‍ അഴിമതി–സ്വജനപക്ഷപാത  ആരോപണങ്ങളാണ് രേവന്ത് റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് പുറമെ സ്വന്തം എംഎല്‍എമാരും ഉയര്‍ത്തുന്നത്. വികസനഫണ്ടിനെ ചൊല്ലി മുനുഗോഡ് എംഎല്‍എ കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയാണ് ഏറ്റവുമൊടുവില്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

മുനുഗോഡിലെ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ സംസാരിക്കവേയാണ് എംഎല്‍മാര്‍ക്കുള്ള ഫണ്ട് അനുവദിക്കാത്തതില്‍ കോമതിറെഡ്ഡി ആഞ്ഞടിച്ചത്. 'എന്ത് തരം മുഖ്യമന്ത്രിയാണ് നിങ്ങള്‍? എന്ത് ഭാഷയാണ് നിങ്ങളുടെ വായില്‍ നിന്നും വരുന്നത്? ഭാഗ്യം കൊണ്ട് മാത്രം മുഖ്യമന്ത്രിയായ ആളാണ്. ദയവ് ചെയത് വരുന്ന രണ്ട് വര്‍ഷത്തേക്കെങ്കിലും നന്നായിരിക്കൂ, തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. തനിക്കെതിരെ നില്‍ക്കുന്നവരെ നശിപ്പിച്ചു കളയുമെന്നതരത്തിലെ രേവന്ത് റെഡ്ഡിയുടെ പ്രതികരണത്തെയും കോമതിറെഡ്ഡി പരസ്യമായി വിമര്‍ശിച്ചു. 'പാര്‍ട്ടിയിലെ മുതിര്‍ന്ന എംഎല്‍എ വികസന ഫണ്ട് ചോദിക്കുമ്പോള്‍ അനുകൂലമായ മറുപടിയെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. അതിന് പകരം തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തുകയാണോ വേണ്ടത്?'- കോമതിറെഡ്ഡി ചോദ്യമുയര്‍ത്തി. 

തെലങ്കാനയെന്നാല്‍ കൊടങ്കലും മധിരയും മാത്രമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.രേവന്ത് റെഡ്ഡിയുടെയും ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍കയുടെയും മണ്ഡലങ്ങളിലേക്ക് മാത്രമായി വികസനങ്ങള്‍ ഒതുക്കുകയാണെന്ന് നേരത്തെയും കോമതിറെഡ്ഡി ആരോപണം ഉയര്‍ത്തിയിരുന്നു. 'തെലങ്കാനയില്‍ കൊടങ്കലും മധിരയും മാത്രമല്ല ഉള്ളത്. പതിനായിരമോ ഇരുപതിനായിരം കോടിയോ എടുത്ത് കൊടങ്കലിന് കൊടുത്തോളൂ, ഞങ്ങള്‍ക്ക് അതില്‍ ആക്ഷേപമില്ല. പക്ഷേ പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളായ മുനുഗോഡിന് അര്‍ഹമായ പങ്ക് വികസനഫണ്ടില്‍ നിന്ന് ലഭിക്കണം. ഫണ്ട് ഇനിയും തടഞ്ഞാല്‍ ഇവിടം മറ്റൊരു കുരുക്ഷേത്രമാകും. ഓര്‍ത്തോളൂ' എന്ന മുന്നറിയിപ്പും അദ്ദേഹം മുഴക്കി.

റോഡും ജലസേചന പദ്ധതികളുമുള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഫണ്ട് അനുവദിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. ചൊട്ടുപ്പലില്‍ 100 കിടക്കകളോട് കൂടിയ ആശുപത്രിക്ക് അന്തിമാനുമതി നല്‍കാത്തതിലും അദ്ദേഹം ചോദ്യമുയര്‍ത്തി. കഴിഞ്ഞ  മൂന്ന് വര്‍ഷത്തെ  ഭരണത്തില്‍ തെലങ്കാനയിലെ ജനങ്ങള്‍ ഒട്ടും സന്തുഷ്ടരല്ലെന്നും എംഎല്‍എ തുറന്നടിച്ചു.

അതേസമയം, കാബിനറ്റില്‍ ഉള്‍പ്പെടുത്താത്തിനെ തുടര്‍ന്നാണ് രേവന്ത് റെഡ്ഡിക്കെതിരെ പരസ്യവിമര്‍ശനങ്ങള്‍ നടത്തുന്നതെന്ന ആരോപണം എംഎല്‍എ തള്ളി. 'ഞാന്‍ പദവികള്‍ക്ക് പിന്നാലെ പായുന്ന ഒരാളല്ല. ദൈവം സഹായിച്ച് എന്‍റെ കുടുംബം നല്ല നിലയിലാണ് ഉള്ളത്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. അനീതി കണ്ടാല്‍ പരസ്യമായി പറയുന്നതിന് എനിക്ക് മടിയില്ല. പൊതുജനങ്ങളുടെ പണം തിന്ന് മുടിക്കുന്നയാളല്ല, അത് സംരക്ഷിക്കുന്ന ജനപ്രതിനിധിയാണ് ഞാന്‍. കമ്മിഷന്‍ വാങ്ങാറോ നല്‍കാറോ ഇല്ല' - തെലങ്കാനയില്‍ കമ്മിഷന്‍ രാജെന്ന ആരോപണത്തെ ബലപ്പെടുത്തുമാറ് കോമതിറെഡ്ഡി ആഞ്ഞടിച്ചു. ബിആര്‍എസ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്ന അഴിമതിക്കാരായ കരാറുകാര്‍ക്ക് തന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോഴും കരാര്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ 10 മുതല്‍ 20 ശതമാനം വരെ കമ്മിഷന്‍  കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് വാങ്ങുന്നതായി കോണ്‍ഗ്രസ് എംഎല്‍എയായ അനിരുദ്ധ റെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു.

തെലങ്കാന സര്‍ക്കാര്‍ തെലങ്കാനയിലെ ജനങ്ങള്‍ക്കായി നിലകൊള്ളേണ്ടതുണ്ടെന്നും ഭട്ടി വിക്രമാര്‍കയ്ക്ക് പുറമെ അഡീഷനല്‍ ഉപമുഖ്യമന്ത്രി പദം കൂടി കൊണ്ടുവരണമെന്നാണ് പാര്‍ട്ടിയിലെ പിന്നാക്ക വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ ഭരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ നേതാക്കള്‍ ഡല്‍ഹിയിലെത്തിയേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും സംഘം സംസാരിക്കുമെന്നും കാബിനറ്റ് വിപുലപ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

Internal tensions within the Telangana Congress have escalated, with Munugode MLA Komatireddy Raj Gopal Reddy launching a sharp public attack on Chief Minister Revanth Reddy. The MLA accused the government of favouring the constituencies of Revanth Reddy and Deputy Chief Minister Mallu Bhatti Vikramarka in development funding while neglecting backward regions like Munugode. He also raised allegations of corruption, commission payments in government contracts and delays in key development projects, including roads, irrigation schemes and a 100-bed hospital. Amid growing dissatisfaction among Congress legislators, party leaders are reportedly planning to meet Congress president Mallikarjun Kharge and Rahul Gandhi in Delhi to raise their grievances and demand a Cabinet expansion.