സ്വകാര്യ ആശുപത്രിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കുന്ന തിരുവനന്തപുരത്തെ ഡിസിസി അംഗം സുഹൈൽ ഷാജഹാനെതിരെ രൂക്ഷ വിമരശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പണം വാങ്ങുന്ന വിഡിയോ പങ്കുവെച്ചാണ് വിമര്‍ശനം. അധികാരം കിട്ടിയാൽ എന്തുമാവാം എന്ന അഹങ്കാരത്തിൻ്റെയും എന്ത് വൃത്തികേട് ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കും എന്നതിൻ്റെയും നേർ ചിത്രമാണ് സുഹൈൽ ഷാജഹാന്‍റെ തട്ടിപ്പെന്ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കോൺഗ്രസിന്‍റെ ജീർണ്ണിച്ച രാഷ്ട്രീയ സംസ്കാരത്തിന്‍റെ വൃത്തികെട്ട മുഖമാണ് പുറത്തുവരുന്നത്. ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഒരു വ്യക്തിയുടെ വീഴ്ചയല്ല, അധികാരം കിട്ടിയാൽ എന്തും ചെയ്യാമെന്ന അഹങ്കാരത്തിന്‍റെ നേർചിത്രമാണെന്നും പിണറായി കുറിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയാ രാഷ്ട്രീയമാണ് ആറുമാസം കൊണ്ട് കേരളത്തിൽ തഴച്ചു വളർന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ സബൈന്‍ ആശുപത്രിയില്‍ നിന്നാണ് ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം തട്ടാൻ ശ്രമിച്ചത്. ആശുപത്രിയേക്കുറിച്ച് മോശം വാര്‍ത്ത തയാറാക്കി ‘ചങ്ങാതിക്കൂട്ടം’ എന്ന ഓണ്‍ലൈന്‍ ചാനലിലിട്ടു. ഈ വിഡിയോ മാറ്റാന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ ഉടമയായ ഡോക്ടര്‍ സബൈന്‍ ശിവദാസനെ സമീപിക്കുകയായിരുന്നു. വിദേശത്ത് വ്യവസായമുള്ള ആൾ എന്ന് പരിചയപ്പെടുത്തിയാണ് ആശുപത്രിയിൽ എത്തിയത്. ഡിസിസി സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ സുഹൈൽ മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനൊപ്പമുള്ള ചിത്രങ്ങളാണ് വിശ്വസിപ്പിക്കാൻ കാണിച്ചത്.
എന്നാൽ പൊലീസിനെ അറിയിച്ച ശേഷം ഡോക്ടര്‍ പണം കൈമാറിയതോടെ സുഹൈല്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു. ഡോക്ടറിൽ നിന്ന് സുഹൈൽ പണം വാങ്ങുന്നതിന്‍റെ വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. പരാതിയ്ക്കു പിന്നാലെ സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവും ഡി.സി.സി അംഗവുമൊക്കെയായി തിരുവനന്തപുരത്ത് സജീവമായി നില്‍ക്കുന്നയാളാണ് സുഹൈല്‍ ഷാജഹാന്‍. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ സന്തത സഹചാരിയാണ്.