സ്വകാര്യ ആശുപത്രിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാൻ തിരുവനന്തപുരത്തെ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ നേതാക്കളുടെ ഫോട്ടോയും ആയുധമാക്കി. ഡിസിസി സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ സുഹൈൽ മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഒപ്പമുള്ള ചിത്രങ്ങളാണ് വിശ്വസിപ്പിക്കാൻ കാണിച്ചത്. വിദേശത്ത് വ്യവസായമുള്ള ആൾ എന്ന് പരിചയപ്പെടുത്തിയാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിക്കെതിരായ വ്യാജവാർത്ത ചമയ്ക്കാൻ സുഹൈലിനൊപ്പം നിന്ന യുവതിയടക്കം നാലുപേരെ കൂടി പ്രതിചേർത്തു. ഭീഷണിപ്പെടുത്തി പണം വാങ്ങാൻ സുഹൈൽ ശ്രമിക്കുന്ന ഫോൺ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. പരാതിയ്ക്കു പിന്നാലെ സുഹൈല്‍ ഷാജഹാനെ പാര്‍ട്ടി പുറത്താക്കി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്

 

ആശുപത്രിക്കെതിരെ ഓണ്‍ലൈന്‍ ചാനലില്‍ ചെയ്ത വ്യാജ വാര്‍ത്ത പിന്‍വലിക്കാന്‍ പത്ത് ലക്ഷം രൂപ വാങ്ങുകയായിരുന്നു. പൊലീസിനെ അറിയിച്ച ശേഷം ഡോക്ടര്‍ പണം കൈമാറിയതോടെ സുഹൈല്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു.

 

യൂത്ത് കോണ്‍ഗ്രസ് നേതാവും ഡി.സി.സി അംഗവുമൊക്കെയായി തിരുവനന്തപുരത്ത് സജീവമായി നില്‍ക്കുന്നതാണ് സുഹൈല്‍ ഷാജഹാന്‍. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ സന്തത സഹചാരി. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസും പാര്‍ട്ടിക്കാരും തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ രമ്യക്കൊപ്പം നിന്നയാള്‍. ഒടുവില്‍ തട്ടിപ്പുകേസില്‍ അകത്തായി.

 

​തിരുവനന്തപുരത്തെ സബൈന്‍ ആശുപത്രിയില്‍ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. ആശുപത്രിയേക്കുറിച്ച് മോശം വാര്‍ത്ത തയാറാക്കി ‘ചങ്ങാതിക്കൂട്ടം’ എന്ന ഓണ്‍ലൈന്‍ ചാനലിലിട്ടു. ഈ വിഡിയോ മാറ്റാന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ ഉടമയായ ഡോക്ടര്‍ സബൈന്‍ ശിവദാസനെ സമീപിക്കുകയായിരുന്നു.

 

പണം നല്‍കാമെന്ന് സമ്മതിച്ച ഡോക്ടര്‍ ഇതിനിടെ പൊലീസിനെ അറിയിച്ചു. ഇതൊന്നുമറിയാതെ സുഹൈല്‍ പണം വാങ്ങാനെത്തി. പണം നല്‍കിയതിന് പിന്നാലെ പൊലീസ് സുഹൈലിനെ പൊക്കി. സുഹൈല്‍ മറ്റ് ആശുപത്രികളിലും സമാന തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. നേരത്തെ എ.കെ.ജി സെന്‍ററിന് ബോംബെറിഞ്ഞ കേസിലും സുഹൈല്‍ പ്രതിയാണ്. വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെ ഇന്‍റര്‍പോള്‍ വഴി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഡി.സി.സി അംഗമായി വിലസിയതും അതിനിടെ തട്ടിപ്പ് നടത്തിയതും.

 

 

ENGLISH SUMMARY:

Malayala Manorama Online News reports that Thiruvananthapuram DCC member Suhail Shajahan and his accomplices were arrested for attempting to extort ten lakhs from a private hospital using fake news. The accused used party leader photographs to gain trust and coerce the hospital management before being caught red-handed by the police.