പത്മജ വേണുഗോപാല്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി പത്മജ ആശയവിനിമയം നടത്തി. ബിജെപിയിലെ അവഗണനയാണ് പത്മജയുടെ മടക്കത്തിന് വേഗം പകരുന്നതെന്നാണ് വിവരം.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസിനെ ആകെ ഞെട്ടിച്ചുകൊണ്ട് സാക്ഷാല്‍ ലീഡര്‍ കെ.കരുണകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ താമരകൂടാരം കയറിയത്. ബി.ജെപിയിലെ തുടര്‍ച്ചയായ അവഗണനയാണ് രണ്ടുവര്‍ഷത്തിനിപ്പുറം പത്മജയെ ഘര്‍വാപസിക്ക് പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി പത്മജ കഴിഞ്ഞരണ്ടുമാസമായി ചര്‍ച്ചകളിലാണെന്നാണ് സൂചന. പത്മജയുടെ മടങ്ങിവരവില്‍ സഹോദരനും മന്ത്രിയുമായ കെ.മുരളീധരന്‍റെ അഭിപ്രായം നേതൃത്വം തേടിയിരുന്നു. പത്മജയെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുരളി വ്യക്തമാക്കിയതായും സൂചനയുണ്ട്. 

അതേസമയം, ഇക്കാര്യത്തില്‍ പത്മജയോ അവരുമായി അടുത്ത വൃത്തങ്ങളോ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല. പത്മജയെ ഗവര്‍ണറാക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെട്ടിരുന്നു. ആകെ കിട്ടിയത് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗത്വമാണ്. ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താമരചിഹ്നത്തില്‍ തൃശൂരില്‍ ഇറങ്ങിയെങ്കിലും ദയനീയമായി മൂന്നാംസ്ഥാനത്തായി. അതേസമയം, പുതിയ നീക്കം പദവിക്കായുള്ള പത്മജയുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്നാണ് ബി.ജെ.പി കരുതുന്നത്. 

ENGLISH SUMMARY:

Indications suggest that Padmaja Venugopal, daughter of late leader K. Karunakaran, is planning to leave the BJP and return to the Congress party due to alleged neglect within the BJP. Having held discussions with senior Congress leaders over the past two months, her potential 'ghar wapasi' comes nearly two years after she switched sides ahead of the 2024 Lok Sabha elections, though no official confirmation has been made yet.