ഫയല്‍ ചിത്രം.

  • ഇന്ത്യ സഖ്യത്തിൽ നിന്ന് എൻഡിഎയിലേക്ക് രണ്ട് എൻസിപി വിഭാഗങ്ങളും ഒന്നിച്ച് എത്തുമെന്ന തരത്തിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാകുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ ഇന്ത്യ സഖ്യത്തില്‍ നിന്നും ഭരണമുന്നണിയിലേക്ക് ചാട്ടമുണ്ടാകുമെന്ന് അഭ്യൂഹം. ശരത് പവറിന്‍റെ നേതൃത്വത്തില്‍ ഇരു എന്‍സിപികളും ഒന്നിച്ച് എന്‍ഡിഎയിലേക്ക് എത്തണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ശരത് പവാര്‍ വിഭാഗത്തിന്‍റെ നിലപാടാണ് നിര്‍ണായകം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ശരത് പവാറിനെ ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട് പുതിയ അഭ്യൂഹങ്ങള്‍ ഉയരുകയാണ്. എന്‍സിപി ശരത് പവര്‍ വിഭാഗം എംപിയും പവാറിന്‍റെ മകളുമായ സുപ്രിയ സുലെ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് അഭ്യൂഹം. 

Also Read: 17കാരനെതിരായ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കോടതി; ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ തള്ളി

നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശരത് പവാര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വിശ്രമത്തിലുള്ള ശരത് പവാറിനെ ഫോണില്‍ വിളിച്ചപ്പോള്‍ മോദി പറഞ്ഞ വാക്കുകളാണ് പുതിയ സംശയങ്ങളുണ്ടാക്കിയത്. 'നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കൂ എന്നും സുപ്രിയയും ഞാനും രാജ്യം നോക്കികോളാം' എന്നും മോദി ശരത് പവാറിനോട് പറഞ്ഞു. താന്‍ വിശ്രമിക്കുകയാണെന്നും നിങ്ങളെല്ലാവരും ഉള്ളതിനാല്‍ എനിക്ക് രാജ്യത്തെ പറ്റി ആശങ്കയില്ലെന്നും ശരത് പവാര്‍ മറുപടിയും നല്‍കി. മോദിയും പവറും ഈ ഫോണ്‍ കോള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശരത് പവാറിന്‍റെ സഹായി വിത്തല്‍ മാനിയറാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഈ വിവരം പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് പവാറിന്‍റെ മകളായ സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞത്. എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ അടുത്ത കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തില്‍ സുപ്രിയ സുലേയെ പരിഗണിച്ചേക്കാമെന്നാണ് അത്താവാലെ പറഞ്ഞത്. എന്നാല്‍ ശരദ് പവാറിന് എൻഡിഎയിൽ ചേരാൻ കഴിയുമോ എന്ന ചോദ്യത്തിന്, അത്താവാലെ സംശയം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പവാറും തമ്മിൽ നല്ല ബന്ധമുണ്ടെന്നും എന്നാൽ അതിൽ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു നീക്കം മുന്‍കൂട്ടി കാണുന്നില്ല. 2019 തില്‍ ശരത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം രാഷ്ട്രപതിയാകുമായിരുന്നു. സുപ്രിയ സുലെ എന്‍ഡിഎയിലേക്ക് വരുന്നത് സ്വാഗതം ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Also Read: 'നിന്‍റെ കൊച്ചു പുഞ്ചിരി മാത്രം മതി എനിക്ക് ജീവിക്കാന്‍; എന്നെ വിട്ടു പോകല്ലേടാ മക്കളെ..'; അഭിരാമിനെ കുറിച്ച് സഹോദരി

രണ്ടു വിഭാഗങ്ങളായ എന്‍സിപിയെ ഒന്നാക്കി എന്‍ഡിയിലേക്ക് എത്തിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇക്കാര്യം ഇരു എന്‍സിപിയും നിഷേധിക്കുന്നുണ്ടെങ്കിലും ഇടപെടല്‍ ആവശ്യപ്പെട്ട് അജിത് പവാര്‍ വിഭാഗം നേതാക്കള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ അമിത് ഷായെ കണ്ടെന്നാണ് വിവരം. ഡൽഹിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര ഭിന്നതകൾ പരിഹരിച്ച് എൻഡിഎയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കാനാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. എന്‍സിപിയില്‍ നിന്നും പ്രഫുൽ പട്ടേൽ, സുനിൽ തത്കറെ, ധനഞ്ജയ് മുണ്ടെ, ഛഗൻ ഭുജ്ബൽ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 

ENGLISH SUMMARY:

Speculation is mounting over a potential shift within the opposition INDIA bloc as reports indicate efforts to bring both factions of the Nationalist Congress Party (NCP) led by Sharad Pawar into the BJP-led NDA fold. The rumors intensified following a phone call where Prime Minister Narendra Modi reportedly advised Pawar to focus on his health while assuring him that he and Supriya Sule would look after the country. Union Minister Ramdas Athawale further fueled the discussion by suggesting that Supriya Sule could be inducted into the Union Cabinet if the faction joins the NDA. Meanwhile, senior leaders of the Ajit Pawar faction recently met with Union Home Minister Amit Shah in Delhi to discuss strengthening the alliance and resolving internal rifts.