പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് ഭ്രാന്താണെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്. പറ്റ്നയില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ‘മോദി രാജി വയ്ക്കില്ല’ എന്നുപറഞ്ഞ ബിജെപി അനുഭാവിയോട് ‘മോദിയുടെ അച്ഛനായാലും രാജിവയ്ക്കും’ എന്ന് ഖര്‍ഗെ തിരിച്ചുപറഞ്ഞതാണ് പ്രകോപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഷ്ട്രീയമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് ജെഡിയു നേതാവ് കൂടിയായ രാജീവ് രഞ്ജന്‍ സിങ് (ലല്ലന്‍ സിങ്) പറഞ്ഞു. ‘ഒന്നുകില്‍ പ്രായം ഖര്‍ഗെയെ വല്ലാതെ ബാധിച്ചിരിക്കുന്നു, അല്ലെങ്കില്‍ അദ്ദേഹത്തിന് മനോനില തെറ്റിയിരിക്കുന്നു’ സിങ് പാര്‍ലമെന്‍റ് വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് എങ്ങനെയാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരം ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നത്. ചിന്തിക്കാന്‍ പോലും പ്രയാസമാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിമാരായിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിക്കെതിരെ പോലും രാഷ്ട്രീ എതിരാളികള്‍ ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രതിപക്ഷനേതാക്കള്‍ക്ക് ഇതെന്തുപറ്റി?’ ലല്ലന്‍ സിങ് ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കെതിരെ വ്യക്തിപരമായ ആക്രമണം തുടരുന്നതിനെ കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ‘രാഹുല്‍ ഗാന്ധി ദര്‍ഭംഗയില്‍ പോയി മോദിയുടെ അമ്മയെ അപമാനിച്ചു. മറ്റൊരവസരത്തില്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. ഇങ്ങനെ സംസാരിച്ചിട്ടാണോ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരാന്‍ പോകുന്നത്? ജനങ്ങള്‍ അതനുവദിക്കില്ല.’ എന്തെങ്കിലും അബദ്ധം പറ്റി കോണ്‍ഗ്രസിനെ തിരിച്ചുവിളിച്ചാല്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അടിയന്തരാവസ്ഥയെക്കാള്‍ മോശം സാഹചര്യത്തില്‍ കൊണ്ടെത്തിക്കുമെന്നും സിങ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന് മല്ലികാര്‍ജുന്‍ ഖര്‍ഗെ മാപ്പുപറയണമെന്നും ലല്ലന്‍ സിങ് ആവശ്യപ്പെട്ടു. ഖര്‍ഗെയുടെ പരാമര്‍ശം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.