Image credit: Screengrab from youtube/tseries

  • അരിജീത് സിങും ശ്രേയാ ഘോഷാലും പാടിയ 'മംഗള്‍ രാഗി'നെ ചൊല്ലിയാണ് വിവാദം. രാമന്‍റെയും സീതയുടെയും പ്രണയത്തെയും ഒത്തുചേരലിനെയും ജീവിതത്തെയും ആഘോഷമാക്കുന്ന പാട്ടാണിത്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'രാമായണ'യിലെ ഏറ്റവും പുതിയ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. എ.ആര്‍.റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത് അരിജീത് സിങും ശ്രേയാ ഘോഷാലും പാടിയ 'മംഗള്‍ രാഗി'നെ ചൊല്ലിയാണ് വിവാദം. രാമന്‍റെയും സീതയുടെയും പ്രണയത്തെയും ഒത്തുചേരലിനെയും ജീവിതത്തെയും ആഘോഷമാക്കുന്ന പാട്ടാണിത്. പാട്ട് റിലീസായതിന് പിന്നാലെ സമൂഹമാധ്യമമായ എക്സില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. രാമായണം പോലെയൊരു ഇതിഹാസത്തെ കുറിച്ചുള്ള സിനിമയില്‍ ഖവ്വാലി സംഗീതം ഉപയോഗിച്ചത് ശരിയല്ലെന്നാണ് വിമര്‍ശനം.

'വാല്‍മീകിയുടെ രാമായണത്തിന് സൂഫികളുടെ ഖവ്വാലി സംഗീതം ചേര്‍ക്കുന്നത് ബോളിവുഡിന്റെ അജ്ഞതയാണ്. സംസ്കാരത്തെ കുറിച്ചുള്ള വകതിരിവ് വട്ടപ്പൂജ്യം, ഗവേഷണവും പൂജ്യം. ചുമ്മാ ഒരു എല്ലാം കൂടി ഒരു മിക്സ്. ദയവ് ചെയ്ത് ഇതിഹാസ ചിത്രങ്ങളെ വെറും റോം–കോം തലത്തിലേക്ക് താഴ്ത്തരുത്' എന്നായിരുന്നു ഒരാളുടെ പോസ്റ്റ്. 'രാമായണത്തില്‍ ഖവ്വാലിയോ, അല്ലെങ്കിലും റഹ്മാന്‍ നിരാശപ്പെടുത്തുന്നതില്‍ ഒരിക്കലും പിന്നിലല്ല' എന്നും 'റഹ്മാന് തലയ്ക്ക് സ്ഥിരതയില്ലേ' എന്ന് അപമാനിക്കുന്നവരുമുണ്ട്.

'യേ തേരാ മേരാ രംഗ ഹെ, മംഗള് രംഗ് ഹെ എന്നാരംഭിക്കുന്ന പാട്ടിനൊപ്പം സന്ദന തെന്‍ട്രലേ' എന്ന പാട്ട് ചേര്‍ത്താണ് എക്സില്‍ ട്രോളും രോഷവും നിറയുന്നത്.  റഹ്മാന്‍റെ തന്‍റെ കുന്‍ ഫയ കുന്‍ എന്ന കോറസുമായും സംഗീതത്തിന് സാമ്യമുണ്ടെന്നും വാദമുയര്‍ന്നിട്ടുണ്ട്. രാമായണത്തിലെ ഒരു പാട്ടും ഇഷ്ടപ്പെട്ടില്ലെന്നും ആകെ ബിജിഎം മാത്രം കൊള്ളാമെന്നും  മംഗള്‍ രംഗിന്‍റെ കാര്യം പറയാനില്ലെന്നും ആളുകള്‍ കുറിക്കുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. നവംബര്‍ അഞ്ചിനാണ് ചിത്രം റിലീസാകുന്നത്. 

ENGLISH SUMMARY:

The newly released song “Mangal Rangi” from the much-anticipated film Ramayana, composed by A. R. Rahman and sung by Arijit Singh and Shreya Ghoshal, has sparked controversy on social media. The song celebrates the love and union of Lord Rama and Sita, but some users on X have criticised the use of qawwali-style music in a film based on the Hindu epic. Others have compared its musical style to Rahman’s “Kun Faya Kun” and the song “Sandana Thendralai,” while some have expressed disappointment with the film’s music. Directed by Nitesh Tiwari, the film stars Ranbir Kapoor as Rama, Sai Pallavi as Sita and Yash as Ravana, and is scheduled for release on November 5.