ഹൈദരാബാദിൽ ദുർഗാ ദേവിയുടെ വിഗ്രഹവുമായി പോയ ഘോഷയാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞതായി പരാതി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ മദന്നപേട്ടാണ് സംഭവം. മുട്ടയെറിഞ്ഞെന്നു പറഞ്ഞ് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. സംഭവത്തില്‍ പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രവർത്തകരും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.
വീർ സവർക്കർ നവ യുവ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്ര പോകുന്നതിന്‍റെ ഇടയിലാണ് മുട്ടവന്ന് വീണതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഘോഷയാത്രയിൽ പങ്കെടുത്തവരും ചില പ്രദേശവാസികളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി നേതാക്കളും ഹിന്ദു സംഘടനകളുടെ പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടുകയും ഭജനകൾ ആലപിച്ചും ധർണ നടത്തിയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഘോഷയാത്രയുടെ സംഘാടകരുമായി ചർച്ച നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു,