Image: Manorama

Image: Manorama

  • ലക്ഷ്മിക്കും അന്നപൂര്‍ണയ്ക്കും പുറമെ നയന മോട്ടമ്മ, കനീസ് ഫാത്തിമ, രൂപകല ശശിധര്‍ എന്നിവരും ബില്‍ക്കിസ് ബാനു, ഉമാശ്രീ, ആരതി കൃഷ്ണ, ഗായത്രി ശാന്തഗൗഡ എന്നിവരെയാണ് വനിതാ മന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്

മന്ത്രിസഭയില്‍ വനിതാ മന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും  മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും തമ്മില്‍ പോര് രൂക്ഷം. തന്‍റെ വിശ്വസ്തയായ ലക്ഷ്മി ഹെബ്ബാള്‍ക്കറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശിവകുമാറിന്‍റെ ആഗ്രഹം. എന്നാല്‍ സിദ്ധരാമയ്യ ആകട്ടെ, പാര്‍ട്ടിക്കുള്ളില്‍ അര്‍ഹതയുള്ള മറ്റ് മുതിര്‍ന്ന വനിതാ നേതാക്കളുണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബെല്ലാരിയില്‍ നിന്നുള്ള ലോക്സഭ എംപിയും എസ്ടി നേതാവുമായ ടി.തുക്കാറാമിന്‍റെ ഭാര്യ ഇ. അന്നപൂര്‍ണയെ മന്ത്രിയാക്കണമെന്നാണ് സിദ്ധരാമയ്യ പറയുന്നത്. സാന്‍ഡുറില്‍ നിന്നുള്ള എംഎല്‍എയാണ് അന്നപൂര്‍ണ. Also Read: തൃണമൂൽ വിട്ട് മാസങ്ങള്‍ മാത്രം; തർക്കത്തിൽ കിടന്ന ഭൂമി യൂസഫ് പത്താന് വിട്ടുനൽകി ഗുജറാത്ത് സർക്കാർ

അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞമാസം ബി.നാഗേന്ദ്ര രാജിവച്ചതോടെ ‍ഡി.കെ മന്ത്രിസഭയില്‍ രണ്ട് ഒഴിവുകളായി. ബെല്ലാരി റൂറലില്‍ നിന്നുള്ള എംഎല്‍എയാണ് നാഗേന്ദ്ര. ശൈത്യകാല സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് രണ്ട് മന്ത്രിമാരെ നിയമിക്കണമെന്നും അതിലൊരാള്‍ വനിതയാകണമെന്നുമുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നല്‍കിക്കഴിഞ്ഞു. Read More: എല്‍.മുരുഗന്‍റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ച് ബോളിവുഡ് നടി! രാജി അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍

സിദ്ധരാമയ്യയുടെ വാദത്തിനാണ് കോണ്‍ഗ്രസിനുള്ളില്‍ പിന്തുണ. അന്നപൂര്‍ണയെ മന്ത്രിയാക്കിയാല്‍ പാര്‍ട്ടിയെ അലട്ടുന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. വനിതാ പ്രാതിനിധ്യം നടപ്പിലാകുകയും ഒപ്പം നാഗേന്ദ്രയുടെ രാജിയെ തുടര്‍ന്നുണ്ടായ എസ്ടി പ്രാതിനിധ്യത്തിലെ കുറവ് നികത്തുകയും ചെയ്യാമെന്നുമാണ് വാദം. 2024 ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തന്നെ നേതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍, ഭാര്യയെ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് തുക്കറാം പറയുന്നത്. ഭാര്യയ്ക്കായുള്ള ലോബിയിങ് തുക്കാറാം സജീവമാക്കിയിട്ടുമുണ്ട്.  പക്ഷേ അന്നപൂര്‍ണയെ മന്ത്രിയാക്കാന്‍ തനിക്ക് സമ്മതമല്ലെന്നാണ് നാഗേന്ദ്ര പറയുന്നത്. ബെല്ലാരിയിലെ എസ്ടി പ്രതിനിധി താനാണെന്നും മറ്റാരെയും അനുവദിക്കില്ലെന്നുമാണ് നാഗേന്ദ്രയുടെ നിലപാട്. 

നാഗേന്ദ്ര–തുക്കാറാം വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ ഡികെ വിഭാഗം ലക്ഷ്മിയെ ഉയര്‍ത്തിക്കാട്ടുന്നു. നേരത്തെ വനിതാ ശിശുക്ഷേമ വകുപ്പില്‍ പരിചയവും ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്കുണ്ട്. വനിതാപ്രാതിനിധ്യത്തിലൂടെ അധികാരത്തിലേക്ക് എത്താനാണ് ലക്ഷ്മിയുടെ നീക്കം. പഞ്ചമസാലി ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് ലക്ഷ്മി. 

ഹൈക്കമാന്‍ഡിന് മുന്നില്‍ സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഹരിപ്രസാദും അന്നപൂര്‍ണയുടെയും ബ്യാഡഗി എംഎല്‍എ ബസവരാജ് ശിവണ്ണാവറിന്‍റെയും പേരുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലക്ഷ്മിക്കും അന്നപൂര്‍ണയ്ക്കും പുറമെ നയന മോട്ടമ്മ, കനീസ് ഫാത്തിമ, രൂപകല ശശിധര്‍ എന്നിവരും ബില്‍ക്കിസ് ബാനു, ഉമാശ്രീ, ആരതി കൃഷ്ണ, ഗായത്രി ശാന്തഗൗഡ എന്നിവരെയാണ് വനിതാ മന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.

രാജ്യവ്യാപകമായി എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും ദസറ ആഘോഷങ്ങളും ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും ബ്ലോക്ക് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമെല്ലാം നടക്കുന്നതിനാല്‍ പലവട്ടം ഡികെ ഡല്‍ഹിക്ക് പോയെങ്കിലും മന്ത്രിമാരെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ മടങ്ങേണ്ടി വന്നു. മന്ത്രിസ്ഥാനത്തിലും ബോര്‍ഡ്– കോര്‍പറേഷന്‍ നിയമനങ്ങളിലും തീരുമാനമെടുക്കാന്‍ ഇതുവരെയും കഴിയാത്തത് പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഭിന്നത രൂക്ഷമായ  പശ്ചാത്തലത്തില്‍ ഡികെയെയും സിദ്ധരാമയ്യയെയും ഹരിപ്രസാദിനെയും ദീപാവലിക്ക് പിന്നാലെ ഡല്‍ഹിക്ക് വിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖര്‍ഗെ തീരുമാനിച്ചുവെന്നാണ് വിവരം. ഇക്കാര്യം ഹരിപ്രസാദ് സ്ഥിരീകരിക്കുകയും ചെയ്തു. 

ENGLISH SUMMARY:

A reported rift has emerged between Karnataka Chief Minister D.K. Shivakumar and senior Congress leader Siddaramaiah over the appointment of a woman minister to fill vacancies in the state cabinet. Shivakumar is reportedly backing Lakshmi Hebbalkar, while Siddaramaiah favours E. Annapurna, an MLA from Sandur and wife of Bellary MP T. Tukaram, citing the need to balance women’s representation and Scheduled Tribe representation following B. Nagendra’s resignation. The Congress high command has reportedly asked the state leadership to appoint two ministers, including a woman, before the winter session, but competing demands and internal lobbying have delayed a decision.