karthavya-app

TOPICS COVERED

 

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ‍‍ഡോക്ടര്‍മാര്‍ രാത്രി സമയത്ത് ആശുപത്രികളില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റൽ ഹാജർ നിർബന്ധമാക്കി കർണാടക സർക്കാർ. താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാര്‍ക്കായിരിക്കും ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കുക. നവംബർ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും.

കര്‍ത്തവ്യ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് ഹാജര്‍ രേഖപ്പെടുത്തേണ്ടത്. ദിവസവും രാത്രി ഒന്‍പത് മണിക്ക് ശേഷമായിരിക്കും ഡോക്ടര്‍മാര്‍ക്ക് ഈ ആപ്പുവഴി ഹാജരിടേണ്ടത്. ആപ്പിന്റെ ജിയോ ഫെൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോക്ടർമാരുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ അധികൃതർക്ക് ലഭിക്കും. 

രാത്രികാലങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മറ്റ് സ്ഥലങ്ങളില്‍ കണ്‍സള്‍റ്റിങ്ങിന് പോകുന്നതായും രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഹാജറുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. കർണാടക സിവിൽ സർവീസ് വകുപ്പ് ഒക്ടോബർ 17നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥിരം ഡോക്ടർമാർക്ക് പുറമെ കരാർ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്. നിയമപരമായി അനുമതി ലഭിച്ച അവധിയിലുള്ളവരെയും മറ്റ് ഔദ്യോഗിക ചുമതലയിലുള്ളവരെയും ഡിജിറ്റല്‍ ഹാജരില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് കമ്മിഷണറും ജില്ലാ മെഡിക്കൽ ഓഫിസർമാരുമായിരിക്കും മാസാമാസം ഹാജർ വിവരങ്ങൾ പരിശോധിക്കുക. ആശുപത്രിയില്‍ ഡോക്ടർമാർ ഇല്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. ഡോക്ടർമാരിൽ നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഹാജര്‍ വിജയിച്ചാല്‍ ഘട്ടംഘട്ടമായി മറ്റ് സർക്കാർ വകുപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സർക്കാര്‍ തീരുമാനം.

ENGLISH SUMMARY:

The Karnataka government has mandated digital attendance for doctors working in government hospitals, including taluk hospitals and primary health centers, to ensure their presence during night shifts. Starting November 1, a pilot project will require doctors to log in via the 'Kartavya' mobile application after 9 PM, utilizing geo-fencing technology to track their exact location. This measure comes in response to widespread complaints that government doctors were engaging in private consulting during night hours instead of treating patients. Health department commissioners and district medical officers will review monthly attendance records, with strict disciplinary action enforced against absentees