നേതാക്കൾ അറസ്റ്റിലായിട്ടും പ്രവർത്തകർ ഒഴുകിയെത്തിയതോടെ നിലതെറ്റി ഡൽഹി പൊലീസ്. ബലപ്രയോഗം പലയിടത്തും പൊലീസ് അതിക്രമമായി. പ്രവർത്തകരെ തല്ലിയും നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചുമാണ് പൊലീസ് രോഷം തീർക്കുന്നത്. ഇക്കുറിയും പതിവ് രീതി മാറ്റിയില്ല. നെയിംപ്ലേറ്റില്ലാതെ എത്തിയ പൊലീസ് സംഘത്തെ പലയിടത്തും പ്രവർത്തകർ ചോദ്യം ചെയ്തു. എന്നാൽ, ഇതൊന്നും കേട്ട ഭാവംപോലും ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കുണ്ടായില്ല.
നിരത്തിലിറങ്ങിയവർ ആരെല്ലാമെന്ന് തിരിച്ചറിയാനുള്ള ഔചിത്യവും വിറളിപിടിച്ച പൊലീസുകാർക്കുണ്ടായില്ല. പലയിടത്തും പ്രക്ഷോഭത്തിനെത്തിയവർക്കൊപ്പം മാധ്യമപ്രവർത്തകരെയും പിടിച്ചുകൊണ്ടുപോയി. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്കുനേരെയും കയ്യൂക്കുണ്ടായി. ഐഡന്റിറ്റി കാർഡും മൈക്കും കാണിച്ചിട്ടും മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് കാണാമായിരുന്നു.
മുദ്രാവാക്യം വിളിച്ചെത്തിയവരെയെല്ലാം വളഞ്ഞിട്ട് പിടികൂടി. റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. അറസ്റ്റിനെ എതിർത്തവർക്കും മർദനമേൽക്കേണ്ടിവന്നു. എന്നിട്ടും ജന്തർ മന്തറിലേക്ക് യുവാക്കളുടെ പ്രവാഹമാണ്. ഒറ്റയ്ക്കും തെറ്റയ്ക്കുമെത്തുന്നവരെ ഓടിച്ചിട്ട് പിടികൂടുകയാണ് പൊലീസ്.
ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായി നിർത്തിവയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 'ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള കോടതിയുടെ ഈ പരാമർശങ്ങളൊന്നും ഡൽഹി പൊലീസോ കേന്ദ്രസർക്കാരോ മുഖവിലയ്ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് ഡൽഹിയിലെ സാഹചര്യം.