റജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ
ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുചോരി ആരോപണവുമായി പ്രതിപക്ഷം. റെജിനഗര്‍ മണ്ഡലത്തിലെ പോളിങിലാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആരോപണം ഉന്നയിക്കുന്നത്. റെജിനഗറില്‍ വോട്ടറല്ലാതിരുന്നിട്ടും ബിജെപി സ്ഥാനാര്‍ഥിയായ ശങ്കർവ് സർക്കാർ മണ്ഡലത്തില്‍ വോട്ടു ചെയ്തു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പോളിങ് ബൂത്തിലെ ആകെ വോട്ടിനേക്കാള്‍ വോട്ട് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.
റെജിനഗറില്‍ വോട്ടില്ലാത്ത ബിജെപി സ്ഥാനാര്‍ഥി ശങ്കർവ് സർക്കാർ മണ്ഡലത്തില്‍ വോട്ടു ചെയ്തു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബെർഹാംപൂർ നിയമസഭാ മണ്ഡലത്തിലെ 200-ാം നമ്പര്‍ പോളിങ് ബൂത്തില്‍ 788-ാം സീരിയല്‍ നമ്പറിലുള്ള വോട്ടറാണ് ശങ്കര്‍വെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടറല്ലാത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനാകുമോ എന്ന് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു. വോട്ടു ചോരിക്ക് തെളിവു വേണോ? ഇതാണ് കണ്ണുതുറന്നു കാണു എന്നാണ് ബംഗാള്‍ കോണ്‍ഗ്രസിന്‍റെ പോസ്റ്റ്.
772 വോട്ടര്‍മാരുള്ള റെജിനഗറിലെ 109–ാം നമ്പര്‍ ബൂത്തില് ബിജെപിക്ക് 909 വോട്ട് ലഭിച്ചെന്നാണ് അഭിഷേക് ബാനര്‍ജിയുടെ ആരോപണം. ബൂത്തിലെ ആകെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് എങ്ങനെ പാര്‍ട്ടിക്ക് ലഭിക്കുമെന്നും അഭിഷേക് ചോദിച്ചു.
Also Read: സൗദിയില്‍ റണ്‍വേയിലെ വിമാനത്തിന് നേരെയും ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ആകെ മൂന്ന് മരണം
അതേസമയം, ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപി ജയിച്ചു. റെജിനഗറില്‍ 75,816 വോട്ടിനാണ് ബിജെപി സ്ഥാനാർഥി ശങ്കരവ് സർക്കാർ ജയിച്ചത്. എ.ജെ.യു.പി നേതാവ് ഹുമയൂണ്‍ കബീര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബംഗാളിലെ നന്ദിഗ്രാം നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു. തൃണമൂല്‍ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് 41,764 വോട്ട് മാത്രമാണ് ലഭിച്ചത്. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ വീഴ്‌ത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി പിടിച്ചെടുത്ത മണ്ഡലമാണിത്. സുവേന്ദുവിന് 9,665 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നത് ഇത്തവണ ലക്ഷം കടന്നു.