soudi-pilot-killed

TOPICS COVERED

സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വ്യോമാക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനവും അടിസ്ഥാന സൗകര്യങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഇന്ത്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.

ഇന്നലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന്റെ വിവരങ്ങൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിമാനത്താവള ടെർമിനലുകൾക്കും റൺവേയിൽ നിർത്തിയിട്ടിരുന്ന സൗദിയ വിമാനത്തിനും നേരെ രണ്ട് ഘട്ടങ്ങളായാണ് ആക്രമണമുണ്ടായത്. വിമാനത്തിനുള്ളിലുണ്ടായിരുന്ന സൗദി പൗരനായ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽഖൽത്താമി, മറ്റ് രണ്ട് സൗദി പൗരന്മാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്ന് സൗദിയ എയർലൈൻസ് സ്ഥിരീകരിച്ചു.

പരിക്കേറ്റ സ്വദേശികളെയും ഇന്ത്യക്കാരടക്കമുള്ള വിദേശികളെയും ഉടനടി ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ആക്രമണത്തിന് പിന്നാലെ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ച അധികൃതർ ഉച്ചയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി അറിയിച്ചെങ്കിലും മേഖലയിലെ വ്യോമഗതാഗതം അനിശ്ചിതത്വത്തിലാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ആകാശ എയറും, യുഎഇയുടെ ഇത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.

ആക്രമണത്തെ ഇന്ത്യയും യുഎഇയും ജോർദാനും ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദിക്ക് നേരിടുന്ന തുടർച്ചയായ ഭീഷണികൾ പ്രതിരോധിക്കാൻ മക്ക സൈനിക സഹകരണ കരാറിന്റെ ഭാഗമായി പാക്കിസ്ഥാൻ സൈന്യം റിയാദിൽ നിലയുറപ്പിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ ആകാശത്തുവെച്ചുതന്നെ തടയുകയാണ് തങ്ങളുടെ ദൗത്യമെന്ന് പാക് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ, ഹോർമൂസ് കടലിടുക്കിലൂടെ അനധികൃതമായി കടക്കാൻ ശ്രമിച്ച എൽപിജി ടാങ്കറിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു.

ENGLISH SUMMARY:

In a tragic double attack targeting King Khalid International Airport in Riyadh, three people including a Saudia Airlines pilot were killed. Several foreign nationals, including Indians, alongside Saudi citizens sustained injuries in the strikes. The first attack targeted airport infrastructure, followed by a second strike on a Saudia aircraft on the runway, though no passengers were onboard the plane at the time. Saudi Arabia's General Authority of Civil Aviation confirmed that precautionary measures were swiftly executed in coordination with security agencies, restoring normal airport operations.