Image Credit: Reuters

Image Credit: Reuters

  • പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ആക്രമണ ദൃശ്യങ്ങളും കിംവദന്തികളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകി

സൗദി തലസ്ഥാനമായ റിയാദിൽ ഹൂതി വിമതരുടെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും നഴ്സറി സ്കൂൾ ഉൾപ്പെടുന്ന സമുച്ചയത്തിലും മിസൈലുകൾ പതിച്ചു. വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് നഴ്സറി സ്കൂള്‍ കെട്ടിടത്തിന് കേടുപാട് സംഭവിച്ചത്. തൊട്ടടുത്തുള്ള മെഡിക്കല്‍ ക്ലിനിക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണ പശ്ചാത്തലത്തില്‍ എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളും, യുഎഇയുടെ ഇത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയ വിമാനക്കമ്പനികളും റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാർ സർവീസുകൾ മുൻകൂട്ടി ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ആക്രമണ ദൃശ്യങ്ങളും കിംവദന്തികളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകി. അതേസമയം എംബസിയും ജിദ്ദ കോൺസുലേറ്റും സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. 

വിമാനത്താവളങ്ങളും എണ്ണ പ്ലാന്റുകളും ആക്രമിക്കുമെന്നും ജീവനക്കാർ അവിടം വിട്ടുപോകണമെന്നും ഹൂതികൾ വീണ്ടും ഭീഷണി മുഴക്കി.ആക്രമണത്തെ യുഎഇയും കുവൈത്തും ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും രാജ്യത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഘര്‍ഷ സാധ്യതയുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് റിയാദിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ കൂടുതല്‍ കമ്പനികള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ആകാസ എയര്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് ഒക്ടോബര്‍ 10വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുകയോ പുനക്രമീകരിച്ച യാത്രയോ അനുവദിക്കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാത്രി 7.55ന് പുറപ്പെടേണ്ട ആകാശ എയര്‍ വിമാനം, രാത്രി 9.40ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം എന്നിവ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.10ന് പുറപ്പെട്ട എയര്‍ എന്ത്യ എക്സ്പ്രസ്  റിയാദ് വിമാനം  പകുതിയിലേറെ ദൂരം സഞ്ചരിച്ച ശേഷം തിരിച്ച് കണ്ണൂരിലിറങ്ങി. 

ENGLISH SUMMARY:

Houthi rebels launched ballistic missile attacks targeting Saudi Arabia’s capital, Riyadh, damaging areas near King Khalid International Airport and a complex housing a nursery school and a medical clinic. Debris from missiles intercepted by Saudi air defence systems reportedly caused damage to the buildings, while the attacks prompted several Indian and UAE airlines to suspend or cancel flights to Riyadh. Air India Express, IndiGo and Akasa Air cancelled services until October 10, with affected passengers offered refunds or rescheduling options. The Indian Embassy advised expatriates in Saudi Arabia to remain vigilant and follow official safety instructions, while the UAE and Kuwait strongly condemned the attacks.