ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാർത്താസമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തക ദിവ്യ ശ്രീവാസ്തവയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപവും ഭീഷണിയും. സംഭവം വിവാദമായതോടെ മാധ്യമസ്വാതന്ത്ര്യവും അധികാരികളോട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കുന്നതിന്റെ അവകാശവും സംബന്ധിച്ച ചർച്ചകളും ശക്തമായിരിക്കുന്നു.
ലക്നൗവിൽ നടന്ന വാർത്താസമ്മേളനത്തിനിടെ യോഗി ആദിത്യനാഥ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെയാണ് ദിവ്യ ചോദ്യം ഉന്നയിച്ചത്. “മുഖ്യമന്ത്രി ജി, ചോദ്യത്തിന് മറുപടി നൽകിയിട്ട് പോകൂ. ഇത് പത്രസമ്മേളനമാണ്” എന്നാവശ്യപ്പെട്ടാണ് ദിവ്യ യോഗിയെ അഭിസംബോധന ചെയ്തത്.
ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി മടങ്ങുന്നതിനെ തുടർന്ന് “ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളെ പത്രസമ്മേളനത്തിന് വിളിച്ചത്? സ്വന്തം കാര്യം പറയാൻ മാത്രമാണോ?” എന്നായിരുന്നു ദിവ്യയുടെ ചോദ്യം. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിന് പിന്നാലെ ദിവ്യയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളിങ്ങും അധിക്ഷേപവും ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.
45 മിനിറ്റ് ജോലി, 15 മിനിറ്റ് ബ്രേക്ക്; കൂടുതൽ സമയം വേണ്ട, സ്മാർട്ട് വർക്ക് മതി!
സമാജ്‌വാദി പാർട്ടിയോ കോൺഗ്രസോ രാഷ്ട്രീയ ലക്ഷ്യത്തോടെ ദിവ്യയെ അയച്ചതാണെന്ന ആരോപണങ്ങളും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉയർന്നു. എന്നാൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരമല്ല ചോദ്യം ഉന്നയിച്ചതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദിവ്യ പ്രതികരിച്ചു. വാർത്താസമ്മേളനത്തിന് ശേഷം ബിജെപി ഓഫീസിൽ തനിക്ക് നേരെ മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ദിവ്യ ആരോപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തനിക്ക് നിരന്തരം ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നതായി അവർ പറയുന്നു. സംഭവത്തിന് ശേഷം ലക്നൗ വിട്ട് ഡൽഹിയിലേയ്ക്ക് പോയതായും സൂചനകളുണ്ട്.
അവാർഡുകൾ തെരുവിൽ വച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സനൽകുമാർ ശശിധര
അതേസമയം, വാർത്താസമ്മേളനത്തിന്റെ ഔദ്യോഗിക നടപടിക്രമം അവസാനിച്ചതിന് ശേഷമാണ് ദിവ്യ ചോദ്യം ഉന്നയിച്ചതെന്നാണ് ബിജെപി ഭാഗത്തിന്റെ വാദം. ചോദ്യോത്തര വേള നിശ്ചയിച്ചിരുന്നില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ സംഭവത്തിന്റെ സമയക്രമവും ദിവ്യ ചോദ്യം ചോദിച്ച സാഹചര്യവും സംബന്ധിച്ച് വ്യത്യസ്ത വാദങ്ങളാണ് ഉയരുന്നത്.
സംഭവത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ വെറും ശ്രോതാക്കളാക്കി മാറ്റാതെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ചോദ്യം ചോദിച്ചതിന് പിന്നാലെ ഒരു മാധ്യമപ്രവർത്തകയ്ക്ക് നേരെ ഓൺലൈൻ അധിക്ഷേപവും ഭീഷണിയും ഉണ്ടായെന്ന ആരോപണം സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുകയാണ്. അതേസമയം, ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.