തുടർച്ചയായി മണിക്കൂറുകളോളം ജോലി ചെയ്യുന്നത് കൂടുതൽ കാര്യങ്ങൾ ചെയ്ത് തീര്‍ക്കാന്‍ സഹായിക്കുമെന്ന് നമ്മൾ പലപ്പോഴും കരുതാറുണ്ടല്ലേ. എന്നാൽ ഇടവേളകളില്ലാതെ ദീർഘനേരം ജോലി ചെയ്യുന്നത് മാനസിക ക്ഷീണം വർധിപ്പിക്കുകയും ശ്രദ്ധയും കാര്യക്ഷമതയും കുറയ്ക്കുകയാണ് ചെയ്യുക. നമ്മുടെ തലച്ചോറിന് തുടർച്ചയായി ഒരേ തോതില്‍ ശ്രദ്ധ നിലനിർത്താൻ കഴിയില്ല. അതിനാൽ, ജോലിക്കിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നത് കൂടുതൽ ഫലപ്രദമായി ജോലി ചെയ്യാൻ സഹായിച്ചേക്കാം.
45 മിനിറ്റ് ജോലി, പിന്നെ ചെറിയ ഇടവേള
ഏകദേശം 45 മിനിറ്റ് പൂർണ്ണ ശ്രദ്ധയോടെ ജോലി ചെയ്ത ശേഷം 10–15 മിനിറ്റ് ഇടവേള എടുക്കാം. ഈ സമയത്ത് ജോലിയിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കുന്നതാണ് പ്രധാനം. ഇടവേളയിലും മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയ പരിശോധിക്കുന്നത് തലച്ചോറിന് യഥാർഥ വിശ്രമം നൽകണമെന്നില്ല. അതിനാൽ, സാധ്യമെങ്കിൽ സ്ക്രീനുകളിൽ നിന്ന് മാറിനിൽക്കുക, കുറച്ച് നടക്കുക, വെള്ളം കുടിക്കുക, അല്ലെങ്കിൽ ശാന്തമായി ഇരിക്കുക. ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണംചെയ്യും.
ഇടവേളകൾ പ്രധാനമാണോ?
തുടർച്ചയായ ജോലിക്കിടെ ശ്രദ്ധ ക്രമേണ കുറയുകയും ചെറിയ പിഴവുകൾ വർധിക്കുകയും ചെയ്യാം. ഇടയ്ക്കുള്ള ചെറിയ ഇടവേളകൾ മനസ്സിനും ശരീരത്തിനും വിശ്രമം നൽകുകയും അടുത്ത ജോലിയിലേയ്ക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ച് കംപ്യൂട്ടറിനും മൊബൈൽ സ്ക്രീനുകൾക്കും മുന്നിൽ ദീർഘനേരം ജോലി ചെയ്യുന്നവർക്ക് സ്ക്രീൻ സമയം കുറച്ചുള്ള ഇടവേളകൾ കൂടുതൽ ഗുണകരമായേക്കാം.
കൂടുതൽ സമയമോ? മികച്ച രീതിയോ ?
ഒരു ദിവസം കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നതാണ് ഉൽപ്പാദനക്ഷമതയുടെ ഏക അളവുകോൽ എന്ന ധാരണ മാറ്റേണ്ട സമയമാണിത്. ശ്രദ്ധയോടെ ജോലി ചെയ്യുന്നതിനും ആവശ്യമായ ഇടവേളകൾ എടുക്കുന്നതിനും ഒരുപോലെ പ്രാധാന്യമുണ്ട്. അതിനാൽ, ദീർഘനേരം ജോലി ചെയ്യുന്നവര്‍ 45 മിനിറ്റ് ശ്രദ്ധയോടെ ജോലി ചെയ്ത് 10–15 മിനിറ്റ് സ്ക്രീൻ-ഫ്രീ ഇടവേള ശീലമാക്കുക. കൂടുതൽ സമയം ജോലി ചെയ്യുന്നതിലല്ല കാര്യം, ശരിയായ ഇടവേളകളോടെ സ്മാർട്ടായി ജോലി ചെയ്യുക എന്നതാണ് പ്രധാനം.