pheromone-masking-trend-explained

കുളിക്കാതെയും അലക്കാത്ത വസ്ത്രമിട്ടും ഒരു പെര്‍ഫ്യൂം പോലും ഉപയോഗിക്കാണ്ടും ഒരു ഡേറ്റിങിന് പോകുന്നത് ചിന്തിക്കാന്‍ ആകുമോ?

കുളിക്കുക, പെർഫ്യൂം ഉപയോഗിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, സാധാരണയായി പ്രിയപ്പെട്ട ഒരാളെ കാണാന്‍ പ്ലാനിങ്ങോടെ പോകുമ്പോള്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയല്ലേ. എന്നാൽ ഇതിന് നേർവിപരീതമായുള്ള ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നത്. 

‘ഇംഗ്ലീഷില്‍ സംസാരിച്ചാലെന്താണ് കുഴപ്പം?’; ഉർവശിയെ വിമർശിച്ച് സുപ്രിയ മേനോൻ ...

കുളിക്കാതിരിക്കുക, ഡിയോഡറന്റും പെർഫ്യൂമും ഒഴിവാക്കുക, അലക്കാത്ത വസ്ത്രങ്ങൾ ധരിക്കുക അതുവഴി സ്വന്തം ശരീരത്തിന്റെ സ്വാഭാവിക ഗന്ധം പരമാവധി നിലനിർത്തി മറ്റൊരാളെ ആകർഷിക്കാമെന്നാണ് ‘ഫെറോമോൺ മാക്‌സിങ്’ എന്ന ട്രെൻഡ് അവകാശപ്പെടുന്നത്. 

എന്താണ് ‘ഫെറോമോൺ മാക്‌സിങ്’?

സ്വന്തം ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഗന്ധം വർധിപ്പിച്ച് മറ്റൊരാളിൽ ആകർഷണം സൃഷ്ടിക്കാൻ ശ്രമിക്കുന്ന രീതിയെയാണ് ‘ഫെറോമോൺ മാക്‌സിങ്’ എന്ന് വിളിക്കുന്നത്. ഇതിനായി കുളിക്കുന്നത് ഒഴിവാക്കുക, ഡിയോഡറന്റുകളും പെർഫ്യൂമുകളും ഉപയോഗിക്കാതിരിക്കുക, ദിവസങ്ങളോളം അലക്കാത്ത വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ രീതികളാണ് സോഷ്യൽ മീഡിയയിലെ ചില വിഡിയോകളിൽ പറഞ്ഞുവെയ്ക്കുന്നത്. ശരീരത്തിന്റെ സ്വാഭാവിക ഗന്ധത്തിൽ മറ്റൊരാളെ ആകർഷിക്കാൻ സഹായിക്കുന്ന രാസസിഗ്നലുകൾ ഉണ്ടാകാമെന്ന ആശയമാണ് ഇതിന് പിന്നിൽ.

എന്താണ് ഫെറോമോണുകൾ ?

മൃഗങ്ങളിലും പ്രാണികളിലും ആശയവിനിമയത്തിനും പങ്കാളികളെ ആകർഷിക്കാനും ഫെറോമോണുകൾ പ്രധാന പങ്കുവഹിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു. ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇത്തരം രാസസിഗ്നലുകൾ മറ്റൊരു ജീവിയുടെ സ്വഭാവത്തെ സ്വാധീനിക്കാം. ഇതിൽ നിന്നാണ് മനുഷ്യരിലും സമാനമായ സംവിധാനം ഉണ്ടായിരിക്കാമെന്ന ആശയം ഉയർന്നുവരുന്നത്. മനുഷ്യരുടെ വിയർപ്പിലും ശരീരഗന്ധത്തിലും മറ്റുള്ളവരിൽ ആകർഷണം സൃഷ്ടിക്കുന്ന പ്രത്യേക ഫെറോമോണുകൾ ഉണ്ടെന്നാണ് ‘ഫെറോമോൺ മാക്‌സിങ്’ പിന്തുടരുന്നവരുടെ വാദം.

മനുഷ്യരിൽ ‘സെക്സ് ഫെറോമോണുകൾ’ ഉണ്ടോ?

മനുഷ്യരിൽ ലൈംഗിക ആകർഷണം സൃഷ്ടിക്കുന്ന പ്രത്യേക ‘സെക്സ് ഫെറോമോണുകൾ’ ഉണ്ടെന്നും അവ മറ്റൊരാളുടെ ആകർഷണത്തെ ഗണ്യമായി വർധിപ്പിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ നിലവിലില്ല. മനുഷ്യരുടെ ശരീരഗന്ധം മറ്റുള്ളവരുടെ ധാരണകളെയും സാമൂഹിക ഇടപെടലുകളെയും ഒരു പരിധിവരെ സ്വാധീനിക്കാമെങ്കിലും, ഒരു പ്രത്യേക ശരീരഗന്ധം സ്വാഭാവികമായി ലൈംഗിക ആകർഷണം ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാനാകില്ല.

ദുർഗന്ധം ആകർഷണമാകുമോ?

സ്വാഭാവിക ശരീരഗന്ധവും ശരീരത്തിലെ ദുർഗന്ധവും ഒരുപോലെയല്ല. വിയർപ്പും ചർമ്മത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനവും ചേർന്നാണ് സാധാരണയായി ശരീരദുർഗന്ധം രൂപപ്പെടുന്നത്. കുളിക്കാതിരിക്കുകയും വൃത്തിയില്ലാത്ത വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ശരീരദുർഗന്ധം വർധിപ്പിക്കാം. ഇത് പങ്കാളിയെ ആകർഷിക്കുന്നതിന് പകരം അസ്വസ്ഥതയോ വിരക്തിയോ ഉണ്ടാക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ട് തന്നെ ‘ഫെറോമോൺ മാക്‌സിങ്’ പിന്തുടരുമ്പോൾ സ്വാഭാവിക ശരീരഗന്ധവും ശുചിത്വക്കുറവ് മൂലമുള്ള ദുർഗന്ധവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

സോഷ്യൽ മീഡിയ ട്രെൻഡുകൾ എത്രത്തോളം വിശ്വസിക്കാം?

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരോഗ്യവും ശരീരവും ബന്ധങ്ങളും സംബന്ധിച്ച നിരവധി ട്രെൻഡുകൾ വളരെ വേഗത്തിലാണ് പ്രചരിക്കുന്നത്. പലപ്പോഴും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വിവരങ്ങളും വ്യക്തിപരമായ അനുഭവങ്ങളും സോഷ്യൽ മീഡിയ അവകാശവാദങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാം.

‘ഫെറോമോൺ മാക്‌സിങ്’ അതിനൊരു ഉദാഹരണമാണ്. മൃഗങ്ങളിലെ ഫെറോമോണുകളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവിനെ മനുഷ്യരുടെ പ്രണയ-ലൈംഗിക ആകർഷണവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ ട്രെൻഡ്. എന്നാൽ അതിന് ആവശ്യമായ ശക്തമായ തെളിവുകൾ നിലവിൽ ലഭ്യമല്ല.

ആകർഷണത്തിന് ഒരു ‘മാജിക് ഫോർമുല’ ഇല്ല

ഒരു വ്യക്തിയോട് മറ്റൊരാൾക്ക് ആകർഷണം തോന്നുന്നത് ശരീരഗന്ധം മാത്രം അടിസ്ഥാനമാക്കിയല്ല. വ്യക്തിത്വം, പെരുമാറ്റം, ആശയവിനിമയം, പരസ്പര ഇഷ്ടം, സാഹചര്യങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ അതിൽ സ്വാധീനം ചെലുത്താം. അതുകൊണ്ട് കുളിക്കാതിരിക്കുകയും പെർഫ്യൂം ഒഴിവാക്കുകയും ചെയ്താൽ കൂടുതൽ ആകർഷണം നേടാം എന്ന സോഷ്യൽ മീഡിയ വാദത്തെ ശാസ്ത്രീയമായി തെളിയിച്ച വസ്തുതയായി കാണാനാകില്ല.

Do Humans Have Sex Pheromones?:

Pheromone masking is a social media trend that claims one can attract others by not bathing, avoiding deodorants and perfumes, and wearing unwashed clothes to enhance their natural body odor. While pheromones are scientifically proven to play a role in animal communication and attraction, robust scientific evidence for their direct impact on human sexual attraction is currently lacking.