സോഷ്യൽ മീഡിയയിൽ എന്തും പെട്ടെന്ന് വൈറലാകുന്ന കാലമാണിത്. അത്തരത്തിൽ മലയാളികളുടെ സോഷ്യൽ മീഡിയ ഫീഡുകളിൽ കൗതുകമുണർത്തുന്ന പേരായി മാറുകയാണ് ‘തങ്കൻ തക്കാളിയും മുട്ടച്ചിയുമൊക്കെ’. സാധാരണ കേൾക്കുന്ന ഒരു പേരല്ലെങ്കിലും, അതിന്റെ അവതരണവും AI സൃഷ്ടിച്ച ദൃശ്യങ്ങളോടുള്ള ആളുകളുടെ പ്രതികരണവുമാണ് ട്രെൻഡിന് പിന്നിലെ പ്രധാന ആകർഷണം.
AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോകൾ മലയാളം സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. യഥാർഥമെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങളും രംഗങ്ങളും സംഭാഷണങ്ങളുമൊക്കെ സൃഷ്ടിക്കാൻ കഴിയുന്നതിനാൽ, ചെറിയൊരു ആശയം പോലും രസകരമായൊരു വിഡിയോയായി മാറുകയാണ്. മഴ പെയ്യുന്നുവെന്ന് നമ്മള്‍ പറയുമ്പോള്‍ മറ്റൊരു ലോകത്ത് മഴ പറയുകയാണ് ' മോളെ,മനുഷ്യര്‍ പെയ്യുന്നുണ്ട് തുണിയെടുത്ത് വെയ്ക്ക് എന്ന്'. തികച്ചും സാങ്കല്‍പ്പികതയില്‍ പിറക്കുന്ന ഇത്തരം AI വിഡിയോകളുടെ ഫാന്‍സല്ലാത്തവര്‍ ഇന്ന് കുറവാണ്. പക്കാ എന്‍റര്‍ടൈന്‍മെന്‍റ് മൂഡിലാണ് വിഡിയോകളുടെ പോക്ക്.
ഷോര്‍ട്ട് സീരിസുകള്‍ പോലെ ഇറങ്ങുന്ന വിഡിയോകളുടെ കാഴ്ചക്കാര്‍ ലക്ഷങ്ങളാണ്. ഒരു വിചിത്രമായ പേര്, അതിനൊപ്പം AIയുടെ സഹായത്തോടെ സൃഷ്ടിച്ച ദൃശ്യങ്ങൾ ഇവ രണ്ടും ചേരുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ എളുപ്പമാണ്. വിഡിയോ കണ്ടവർ അത് സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും സ്വന്തം രീതിയിൽ അതിനെ അവതരിപ്പിക്കുകയും ചെയ്യുന്നതോടെ ട്രെൻഡ് കൂടുതൽ വ്യാപിക്കുകയാണ് ഇപ്പോള്‍.
ഇത്തരം വൈറൽ AI കണ്ടന്റുകളുടെ ഏറ്റവും വലിയ പ്രത്യേകത യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിർത്തി മങ്ങുന്നു എന്നതാണ്. സാധാരണ ഒരു വ്യക്തിക്കോ കഥാപാത്രത്തിനോ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പോലും AI ഉപയോഗിച്ച് വളരെ സ്വാഭാവികമായി അവതരിപ്പിക്കാം. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ വിഡിയോ യഥാർഥമാണോ AI സൃഷ്ടിയാണോ എന്നറിയാൻ പോലും പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുമുണ്ട്.
‘തങ്കൻ തക്കാളി’ എന്ന പേര് തന്നെ ആളുകളുടെ കൗതുകം വർധിപ്പിക്കുന്ന ഘടകമാണ്. പരിചിതമായ ‘തക്കാളി’ എന്ന വാക്കിനൊപ്പം ‘തങ്കൻ’ എന്ന പേര് ചേരുന്നതും കഥാപാത്രത്തെ എളുപ്പത്തിൽ ഓർമിക്കാവുന്നതാക്കുന്നു. സോഷ്യൽ മീഡിയ ട്രെൻഡുകളുടെ സ്വഭാവം തന്നെ ഇങ്ങനെയാണല്ലോ, വലിയൊരു പ്രചാരണത്തിന്റെയോ വലിയ ബജറ്റിന്റെയോ ആവശ്യമില്ല. വ്യത്യസ്തമായൊരു ആശയം, കുറച്ച് ക്രിയേറ്റിവിറ്റി, AIയുടെ സാധ്യതകൾ ഇവ കൂടിച്ചേരുമ്പോൾ ഒരു സാധാരണ കഥാപാത്രം പോലും ആയിരങ്ങളുടെ ശ്രദ്ധ നേടുന്നു.
അടുക്കളയിലെ തക്കാളിയെ കാണുമ്പോള്‍ ഇപ്പോള്‍ സംസാരിക്കുന്നതായൊക്കെ തോന്നാം. തങ്കന്‍ തക്കാളിയും കൂട്ടരും അങ്ങനെ ട്രെന്‍ഡായിരിക്കുകയാണ്.