ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ചതിന് പിന്നാലെ ലഖ്‌നൗ സർവകലാശാല വിദ്യാർഥിയെ അർധരാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ സർവ്വകലാശാല സന്ദർശനത്തിനിടെയാണ് വിദ്യാർഥി ഫീസ് വർധന, വിദ്യാർഥികളുടെ ഗ്രാന്റ് വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ഉന്നയിച്ചത്. ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ രാത്രി 2.30ഓടെ യുപി പൊലീസ് ഹോസ്റ്റലിലെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് സർവകലാശാലയിലെ വിദ്യാർഥികൾ രംഗത്തെത്തി.
ജനാധിപത്യപരമായി ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് ലഖ്‌നൗ സർവകലാശാലയിലെ ഹോസ്റ്റലിൽ അർധരാത്രിയിൽ പൊലീസ് കയറിയത്. ഇതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. രാത്രി 2.30ഓടെ ഉത്തർപ്രദേശ് പൊലീസിലെ മൂന്ന് സബ് ഇൻസ്പെക്ടർമാർ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളെ ഉണർത്തുകയും ചിലരെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം.
വിദ്യാർഥികളുടെ സ്വകാര്യതയിലേയ്ക്കും അവകാശങ്ങളിലേയ്ക്കുമുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ നടപടിയെന്ന് പ്രതിഷേധക്കാർ പറയുന്നു. അർധരാത്രിയിൽ ഹോസ്റ്റലിലെത്തി വിദ്യാർഥികളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അവർ കുറ്റപ്പെടുത്തി. പൊലീസ് നടപടിയിൽ പതറില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. ചോദ്യങ്ങൾ ചോദിക്കാനും സ്വതന്ത്രമായി സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും വിദ്യാർഥികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങളെ നേരിടാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും മാധ്യമങ്ങളെ അഭിമുഖീകരിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. “മുഖ്യമന്ത്രിക്ക് ഇത്രയധികം ഭയമാണോ? ഞങ്ങളെ ഉറങ്ങാൻ പോലും അനുവദിക്കുന്നില്ല. പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നില്ലെങ്കിൽ, ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ട് പോകൂ” എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും? മണിയല്ല, പവറാണ് പ്രധാനമെന്ന് മന്ത്രി സണ്ണി ജോസഫ് ...
പൊലീസ് നടപടിക്കായി സർക്കാർ പൊതുഖജനാവ് ദുരുപയോഗം ചെയ്യുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. പാവപ്പെട്ട കർഷകരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന നികുതിപ്പണം വിദ്യാർഥികളെ അടിച്ചമർത്തുന്നതിനായി ഉപയോഗിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നേരിടാൻ പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്നതിനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.