sunny-joseph-kseb
  • 12 ദിവസത്തിന് ശേഷം ഇന്നലെ രാത്രി സംസ്ഥാനത്ത് ഒരിടത്തും രാത്രിയില്‍ വൈദ്യുതി നിയന്ത്രണമുണ്ടായില്ല, ഈ ആശ്വാസം തുടരണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

അധിക രൂപ നല്‍കി വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്കു അനുമതി നല്‍കിയതിനു പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടി. വൈദ്യുതി നിരക്ക് കൂടിയേക്കുമെന്ന് സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മണിയല്ല, പവറാണ് പ്രധാനമെന്നും വിലകൂട്ടി വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും  മന്ത്രി. രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് നിരക്ക് വര്‍ധന സൂചനയുമായി മന്ത്രിയെത്തിയത്. അധിക സാമ്പത്തിക ബാധ്യത ഉപഭോക്താവിലേക്ക് വരില്ലെന്ന് പറയാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. 

12 ദിവസത്തിന് ശേഷം ഇന്നലെ രാത്രി സംസ്ഥാനത്ത് ഒരിടത്തും രാത്രിയില്‍ വൈദ്യുതി നിയന്ത്രണമുണ്ടായില്ല. ഈ ആശ്വാസം തുടരണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കെ.എസ്.ഇ.ബിക്ക് യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാം. മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്നാലെ കെ.എസ്.ഇ.ബി, നാഷണൽ തെർമൽ പവർ കോർപറേഷന്‍ ഉള്‍പ്പെടെ പരമാവധി വൈദ്യുതി വിതരണക്കാരെ സമീപിച്ച് ഊര്‍ജം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. രാത്രികാല വൈദ്യുതി നിയന്ത്രണമെന്ന പ്രതിസന്ധി നീങ്ങുമെങ്കിലും സര്‍ചാര്‍ജിലൂടെ നിരക്ക് വര്‍ധനയുടെ സൂചന ഷോക്കുമായാണ് മന്ത്രി സണ്ണി ജോസഫെത്തിയത്. 

കെ.എസ്.ഇ.ബിയുടെ പ്രതിസന്ധിയും, സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹായവും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഏതൊക്കെ വഴികളിലൂടെ വൈദ്യുതി ലഭിക്കും. എത്ര രൂപയുടെ ബാധ്യതയുണ്ടാവും. തുടങ്ങിയ കാര്യങ്ങള്‍ രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചു. നിലവില്‍ ദിവസേന ശരാശരി 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ഈമാസം 30 വരെ നില തുടര്‍ന്നേക്കാം. 

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഒരു യൂണിറ്റിന് പരമാവധി 10 രൂപ വരെ നൽകി വാങ്ങാനാണ് കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയിട്ടുള്ളത്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 30 രൂപ വരെയെന്ന സർക്കാർ ഇടപെടൽ. വൈദ്യുതി സ്വയം പര്യാപ്തതയുള്ള സംസ്ഥാനങ്ങളിലേക്ക് നേരിട്ടെത്തി ഉദ്യോഗസ്ഥരെക്കാണാന്‍ കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് ഉത്തർപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെത്തുന്നതും ലഭ്യതയുടെ സാധ്യത കൂട്ടും. 

ENGLISH SUMMARY:

Kerala electricity price increase is on the horizon as KSEB receives permission to purchase power at higher rates. The electricity minister has indicated a potential rise in tariffs, suggesting that the government may not fully absorb the financial strain from purchasing expensive electricity.