സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതോടെയാണ് ഇന്ന് നിയന്ത്രണം ഒഴിവാക്കിയത്. യൂണിറ്റിന് പത്തുരൂപ നിരക്കിലാണ് ൈവദ്യുതി കിട്ടിയത്.
അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തി കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതിയതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി ലഭ്യത തേടി കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ നേരിട്ട് പോകുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതിയത്. പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു
Also read:‘മനഃപൂര്‍വം വൈദ്യുതി കട്ട് ചെയ്യുന്നവരുണ്ടോ എന്ന് പരിശോധിക്കും; മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല’
900 മെഗാവാട്ടിന്‍റെ വൈദ്യുതി കുറവാണ് പ്രതീക്ഷിക്കുന്നത്. 94.94 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. രാത്രികാലത്തെ വൈദ്യുതി ആവശ്യകത അയ്യായിരത്തിന് താഴെ 4938 മെഗാവാട്ട് എന്ന നിലയില്‍ അവസാനിച്ചത് മാത്രമാണ് നേരിയ ആശ്വാസം.
രാത്രിയില്‍ യൂണിറ്റിന് പതിമൂന്നിലേറെ രൂപ നല്‍കിയാണ് നേരത്തെ വൈദ്യുതി വാങ്ങിയത്. റെഗുലേറ്ററി കമ്മിഷന്‍റെ അനുമതിയുണ്ടെങ്കില്‍ ഭാവിയില്‍ കോടികളുടെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് വരാതെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ആദ്യമായി ഇന്ന് ( ഞായര്‍ ) രാത്രിയില്‍ അന്‍പത് മെഗാവാട്ട് വൈദ്യുതി കൂടുതലായി കിട്ടാനുള്ള ധാരണയായെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് വൈദ്യുതി വാങ്ങാനുള്ള സാധ്യതയാണ് തേടുന്നത്.
നാളെ ഡയറക്ടര്‍മാര്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനും രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.