സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. താൻ ഉന്നയിച്ച ഗുരുതരമായ വിഷയങ്ങളിൽ സർക്കാരോ നിയമസംവിധാനങ്ങളോ ഇടപെടാത്തതിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ തെരുവിൽ വച്ചാണ് സനൽ പ്രതിഷേധിക്കുന്നത്. തന്റെ പേരിൽ മുമ്പുണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണെന്നും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയ സനൽ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുസമൂഹം പിന്തുണയുമായി മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടുകയും അതിൽ പരാമർശിക്കുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുകയും ചെയ്യുക, തനിക്കെതിരെ മുമ്പുണ്ടായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, കഴിഞ്ഞ 100 ദിവസമായി സോഷ്യൽ മീഡിയയിലൂടെ ഈ വിഷയങ്ങൾ ഉന്നയിച്ചിട്ടും സർക്കാരോ പൊതുസമൂഹമോ കാണിക്കുന്ന നിഷ്ക്രിയത്വം അവസാനിപ്പിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന്റെ പ്രധാന ആവശ്യങ്ങൾ.
‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്.
ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക,' സനല്‍ കുമാര്‍ പറഞ്ഞു.