ബംഗാളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്കൂള്‍ തിക്ക് കരോ ക്യാംപെയിനില്‍ പങ്കെടുത്ത പ്രവര്‍ത്തകനും കുടുംബത്തിനും നേരെ ആക്രമണം. പിന്നില്‍ ബിജെപി ആണെന്ന് സിജെപി ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകന്‍റെ പിതാവ് കൊല്ലപ്പെട്ടു. സിജെപിയുടെ സ്കൂള്‍ തിക് കരോ ക്യാംപെയിനിന്‍റെ ഭാഗമായി 25 കാരനായ ഷെയ്ക് അബ്ദുള്‍ ഹഫീസ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെ ഒരു സംഘം വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹഫീസിന്‍റെ പിതാവ് ജനാബ് മാഫിക്കാണ് കൊല്ലപ്പെട്ടത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിജീത്ത് ദിപ്കെ നാളെ പ്രതിഷേധത്തിനെത്താന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.
ബങ്കുര ജില്ലയിലെ കരിസുണ്ടയിലാണ് സംഭവം. ഓഗസ്റ്റ് 13 ന് സിജെപി നടത്തിയ ‘സ്കൂൾ ടീക് കരോ’ ക്യാംപെയിനിന്‍റെ ഭാഗമായി ഗ്രാമത്തിലെ പ്രാദേശിക സർക്കാർ സ്കൂളിൽ നടന്ന പരിപാടിയില്‍ ഹഫീസ് പങ്കെടുത്തിരുന്നു. വൈകിട്ടോടെ പ്രാദേശിക ബിജെപി പ്രവർത്തകര്‍ ഹഫീസിന്റെ വീട്ടിലെത്തുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് സിജെപി ആരോപിച്ചു. സ്കൂളിന്‍റെ മോശം അവസ്ഥ ചിത്രീകരിച്ചത് ബാഹ്യസമ്മര്‍ദ്ദത്താലാണെന്ന് പറയുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആക്രമികള്‍ ആവശ്യപ്പെട്ടു. ഇതിനുവഴങ്ങാതിരുന്നതോടെ വീട്ടുകാര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ഹഫീസിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പിതാവ് ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരണപ്പെട്ടത്.
മികച്ച സ്കൂളുകൾക്കായി പോരാട്ടം തുടരുമെന്നും ഞങ്ങളെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്നും അഭിജീത്ത് ദിപ്കെ പറഞ്ഞു. ഹഫീസിന്‍റെ കുടുംബത്തിനുമൊപ്പം സിജെപിയുണ്ടെന്നും മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിജെപി ആവശ്യപ്പെട്ടു. നാളെ സി.ജെ.പി സംഘം ബംഗാൾ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സ്കൂളുകളുടെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടാനാണ്, സിജെപി ‘സ്കൂൾ ടീക് കരോ' ക്യാംപെയിന്‍ ആരംഭിച്ചത്.