ഐ ഫോണ്‍ ഹിന്ദുവാണോ മുസ്‍ലിം ആണോ ? ഐ ഫോണ്‍ കമ്പനിക്കാര്‍ ഹിന്ദുവിരുദ്ധരാണെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകയും ഇന്‍ഫ്ലുവന്‍സറുമായ റിദ്ധിമ ശർമ്മ. ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ സിരി മതപരമായ അഭിവാദ്യങ്ങളോട് വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നുവെന്നാണ് ആരോപണം. വിവിധ മതവിഭാഗങ്ങളിൽ ഉപയോഗിക്കുന്ന അഭിവാദ്യങ്ങൾ സിരിയോട് പറഞ്ഞ് പ്രതികരണം പരിശോധിക്കുന്ന വിഡിയോയാണ് റിദ്ധിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോയിൽ ആദ്യം ഹിന്ദു അഭിവാദ്യമായ ‘റാം റാം’ എന്നാണ് റിദ്ധിമ ശർമ്മ സിരിയോട് പറയുന്നത്. ഇതിന് സിരി തിരിച്ചുപറയുന്നത് 'ഹലോ, നിങ്ങളുടെ ദിവസം നല്ലതാകട്ടെ' എന്ന തരത്തിലുള്ള പൊതുവായ മറുപടിയാണ്.
തുടർന്ന് ‘സലാം അലൈക്കും’ എന്ന് പറഞ്ഞപ്പോൾ സിരി ‘വ അലൈക്കും സലാം’ എന്ന് തിരിച്ചഭിവാദ്യം ചെയ്തതായി വിഡിയോയിൽ കാണാം. ഇതിന് പിന്നാലെ മറ്റൊരു ഹിന്ദു അഭിവാദ്യമായ ‘രാധേ രാധേ’ എന്നും സിരിയോട് പറയുന്നുണ്ട്. ഇതിന് 'അതെ, ഞാൻ കേൾക്കുന്നുണ്ട്' എന്ന പൊതുവായ പ്രതികരണമാണ് ലഭിച്ചതെന്നാണ് വിഡിയോയില്‍ പറയുന്നത്.
സിരിയുടെ ഈ വ്യത്യസ്ത പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിദ്ധിമ ശർമ്മ ഐ ഫോണ്‍ കമ്പനിക്കാര്‍ നിയമവിരുദ്ധരാണെന്ന് പറയുന്നത്. ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റിൽ മതപരമായോ സാംസ്കാരികമായോ പക്ഷപാതമുണ്ടോ എന്നും റിദ്ധിമ ചോദിക്കുന്നു. വിഡിയോ വൈറലായതോടെ വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്.
സാങ്കേതിക സംവിധാനങ്ങൾ വിവിധ ഭാഷകളിലെയും സംസ്കാരങ്ങളിലെയും അഭിവാദ്യങ്ങളെ എങ്ങനെ തിരിച്ചറിയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചും ഇതോടെ ചർച്ച ഉയർന്നിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക വാക്കിനോടുള്ള സിരിയുടെ പ്രതികരണം മാത്രം അടിസ്ഥാനമാക്കി ആപ്പിളിന് മതപരമായ പക്ഷപാതമുണ്ടെന്ന് സ്ഥിരീകരിക്കാനാകില്ല. സിരിയുടെ പ്രതികരണങ്ങൾ ഭാഷാ ഡാറ്റ, പ്രോഗ്രാമിങ്, വോയ്സ്-റിക്കഗ്നിഷൻ സംവിധാനം തുടങ്ങിയ സാങ്കേതിക ഘടകങ്ങളുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ടെന്നും ഒരു വിഭാഗം പറയുന്നു.
മര്യാദയ്ക്ക് ഹിന്ദുക്കള്‍ക്ക് വേണ്ടിയും അപ്ഡേറ്റ് ചെയ്തോളൂ ഇല്ലെങ്കില്‍ പണി തരും എന്നൊരു താക്കീതും റിദ്ധിമ മുന്നോട്ട് വെയ്ക്കുന്നുണ്ട്.