ദീപാവലി ദിവസമായ ഇന്നലെ അയോധ്യയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്കിടെ എണ്ണ ശേഖരിക്കാനെത്തിയ സ്ത്രീകളെ അടിച്ചോടിച്ച സംഭവത്തെ അപലപിച്ച് സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംഭവത്തിന്‍റെ വിഡിയോ പങ്കുവെച്ച അഖിലേഷ് യാദവ് ദേശീയ വനിതാ കമ്മിഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. 

ദീപോല്‍സവ് എന്ന പരിപാടിക്കിടെയാണ് സംഭവം. വിളക്കുകളില്‍ ബാക്കിവന്ന എണ്ണ ശേഖരിക്കുകയായിരുന്ന ഒരുപറ്റം സ്ത്രീകള്‍ക്കിടയിലേക്ക് വടിയുമായെത്തിയ ആളുകള്‍ സ്ത്രീകളെ അടിച്ചോടിക്കുന്നതായി കാണിക്കുന്ന വിഡിയോ അഖിലേഷ് യാദവ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്. സ്ത്രീകളെ അടിച്ചത് ബിജെപി പ്രവര്‍ത്തകര്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരു വീഡിയോയിൽ, അണഞ്ഞുപോയ മൺവിളക്കുകൾ നിരത്തിവെച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് ആളുകളോട് സ്ഥലം വിടാൻ ഒരാൾ  ആക്രോശിക്കുന്നതും കാണാം. 

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ പിഡിപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അപ്പോള്‍ റേഷനില്‍ കടുക് എണ്ണ കൂടി ഉള്‍പ്പെടുത്തുമെന്നും വിഡിയോയുടെ കൂടെ പങ്കുവെച്ച കുറിപ്പില്‍ അഖിലേഷ് യാദവ് പറയുന്നു. ഇനി ആരുതന്നെ ബിജെപിക്കാരുടെ കയ്യില്‍ നിന്ന് അടിയും അപമാനവും സഹിക്കേണ്ടി വരില്ലെന്നും ബിജെപിയെ ജനങ്ങള്‍ ഇത്തവണ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'ബിജെപി സ്ത്രീകളെ ബഹുമാനിക്കുന്നില്ല. അവർ സ്ത്രീകളെ അപമാനിക്കുക മാത്രമാണ് ചെയ്യുന്നത്. ലക്നൗ തീപിടുത്തത്തിൽ മരിച്ച യുവാവിന്റെ അമ്മയെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചത് ഒരു സ്ത്രീയും മറക്കില്ല. സ്ത്രീശക്തിയുടെ ശാപം ഒരിക്കലും വെറുതെയാകില്ല. അവർ വളരെ ദാരുണമായി തന്നെ തോൽക്കും. സമീപകാലത്തെ തിരഞ്ഞെടുപ്പുകളിലെ ബിജെപിക്കുണ്ടായ തോൽവി തെളിയിക്കുന്നത് ജനങ്ങളുടെ മുന്നിൽ അവരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ ബലൂൺപോലെ പൊട്ടിപ്പോയി എന്നാണ്. ബിജെപി ഇപ്പോൾ എണ്ണയിൽ തെന്നി താഴേക്ക് വീഴുന്ന അവസ്ഥയിലാണ്. അടുത്ത തിരഞ്ഞെടുപ്പ് സ്ത്രീകളും യുവാക്കളും ബിജെപിക്കെതിരെ നടത്തുന്ന പോരാട്ടമായിരിക്കും'- അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

Akhilesh Yadav strongly condemned an incident in Ayodhya where BJP event workers reportedly chased away and beat women who were collecting leftover oil from Deepotsav lamps on Diwali. Sharing the viral video on social media, Yadav urged the National Commission for Women to intervene immediately and criticized the ruling party for disrespecting women. He asserted that the public will uproot the BJP in upcoming elections, promising that an incoming PDP government would include mustard oil in ration supplies. Furthermore, he launched a scathing attack on the administration, stating that the party is sliding down due to its hollow promises and mistreatment of citizens.