ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. ഗോപാലകൃഷ്ണന്‍ തന്‍റെ മകളുടെ വിവാഹത്തിന് മമ്മൂട്ടിയെ ക്ഷണിച്ചിരുന്നെങ്കിലും എത്തിച്ചേരാൻ നടന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഗോപാലകൃഷ്ണന്റെ തൃശ്ശൂരിലെ വീട്ടിലെത്തി മമ്മൂട്ടി നവദമ്പദികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്.

നവംബര്‍ ഒന്നിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഗോപാലകൃഷ്ണന്റെ മകള്‍ അനഘയുടേയും അന്‍ജിത്തിന്‍റേയും വിവാഹം. വിവാഹത്തിനെത്തുമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചടങ്ങിനായി എറണാകുളത്തു നിന്നും പുറപ്പെട്ട മമ്മൂട്ടിക്ക് ആലുവ പാലത്തിലെ ഗതാഗതക്കുരുക്ക് കാരണം മടങ്ങേണ്ടി വന്നു. ഇതോടെയാണ് മറ്റൊരു ദിവസം നവദമ്പദികളെ കാണാന്‍ മമ്മൂട്ടിയെത്തിയത്. 

തൃശൂരിലെ ചേറൂരിലുള്ള വീട്ടിൽ വൈകിട്ട് 5.25ന് എത്തിയ മമ്മൂട്ടി 6.20നാണ് മടങ്ങിയത്. നിർമ്മാതാവ് ആന്റോ ജോസഫും കൂടെയുണ്ടായിരുന്നു. കാപ്പിയും മധുരക്കിഴങ്ങും കഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. മമ്മൂട്ടിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ബി.ഗോപാലകൃഷ്ണനും പങ്കുവച്ചു.

‘ഒരു കപ്പ് ചായ… കുറച്ച് വിശേഷങ്ങൾ… ഒപ്പം മലയാളത്തിന്റെ മഹാനടൻ മമ്മൂക്ക! ഇന്ന് എന്റെ വസതിയിൽ മമ്മൂക്ക മകൾക്ക് വിവാഹാശംസകൾ നേരാൻ എത്തിയപ്പോഴുള്ള സന്തോഷകരവും ഹൃദ്യവുമായ ചില നിമിഷങ്ങൾ… എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു മനോഹര സായാഹ്നം!’ എന്ന് കുറിച്ചാണ് ഗോപാലകൃഷ്ണന്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ENGLISH SUMMARY:

Megastar Mammootty paid a personal visit to the Thrissur residence of BJP State Vice President B. Gopalakrishnan to bless his newlywed daughter Anagha and her husband Anjith. Although the veteran actor had promised to attend the wedding ceremony held at Guruvayur on November 1, he was forced to turn back due to a severe traffic jam on the Aluva bridge. Accompanied by film producer Anto Joseph, Mammootty spent nearly an hour at Gopalakrishnan's Cheroor home, sharing tea and snacks with the family. Expressing his gratitude, Gopalakrishnan posted photos and videos of the heart-warming evening on social media, describing it as a memorable occasion to cherish forever.