സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാതൃഭൂമി : മെയ് വാർ റെസ്റ്റ് ഇൻ പീസ്. അപൂര്‍വ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. എന്നാല്‍ നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും സ്ക്രിപ്റ്റില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടക്കത്തിൽ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന് പേരിട്ടിരുന്ന ഈ ചിത്രം 2020–2021 ലെ ചൈന-ഇന്ത്യ സംഘർഷങ്ങളെ അടിസ്ഥാനമാക്കി എടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ കഥ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്നതരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ് സല്‍മാന്‍ ഖാന്‍. 

മാതൃഭൂമി : മെയ് വാർ റെസ്റ്റ് ഇൻ പീസ് ചിത്രത്തിന്‍റെ മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയ്ക്കെതിരെ യുദ്ധത്തിന് പോകുന്നതാണ് ഈ സിനിമ, കഥമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു എന്നിവയെല്ലാം ഇല്ലാക്കഥകളാണെന്ന് സല്‍മാന്‍ ഖാന്‍ പറയുന്നു. ഇവയെല്ലാം അസംബന്ധമാണെന്നും ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സൈനികരും അവരുടെ കുടുംബവും കടന്നുപോകുന്ന അവസ്ഥകളെ കുറിച്ച് തങ്ങള്‍ ഒരു സിനിമ ചെയ്തിട്ടുണ്ടെന്നും അതിന്‍റെ എല്ലാവശങ്ങളും കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സൈനികരെ സംബന്ധിച്ചിടത്തോളം, രാഷ്ട്രമാണ് ആദ്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാലും തന്‍റെ സിനിമയുടെ സംവിധായകന് ആദ്യം വ്യത്യസ്തമായ ആശയമായിരുന്നു ഉണ്ടായിരുന്നതെന്ന് താരം വ്യക്തമാക്കി. മാതൃഭൂമി ഒരു ബയോപിക് അല്ലെന്നും, തന്റെ പിതാവ് സലിം ഖാൻ ഒരിക്കൽ പറഞ്ഞ ഒരു വരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും സൽമാൻ വ്യക്തമാക്കി. “യുദ്ധത്തിൽ ഒരു വെടിയുണ്ട ലക്ഷ്യത്തിലെത്തിയാല്‍ മറ്റൊരു സ്ഥലത്ത് അത് അമ്മയുടെ ഹൃദയത്തിൽ എത്തും.” എന്നതായിരുന്നു പിതാവ് സലിം ഖാൻ പറഞ്ഞ ആ ഒരുവരിയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. 

ENGLISH SUMMARY:

Bollywood superstar Salman Khan has dismissed rumors claiming that the Central Government forced script modifications for his upcoming film 'Matrubhoomi: May War Rest In Peace'. Speaking at the trailer launch of the Apoorva Lakhia directorial in Mumbai, the actor clarified that reports of government intervention or shifting the story away from the Galwan Valley clash were completely baseless. He emphasized that the film focuses on the emotional sacrifices of soldiers and their families rather than serving as a political narrative. Salman also shared that the core emotional theme of the movie was inspired by a line spoken by his father, Salim Khan, about the tragic impact of war on mothers.