അഗ്നിവീര്‍ പദ്ധതിയില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ യുവാക്കളുടെ അതൃപ്തിയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമെന്ന് റിപ്പോര്‍ട്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവിധയിടങ്ങളില്‍ ബിജെപി തോറ്റതിനു ഒരു കാരണം അഗ്നിവീര്‍ പദ്ധതിയോടുള്ള ഏതിര്‍പ്പാണെന്നാണ് ബിജെപി വിലയിരുത്തല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവ ബാധിക്കാതിരിക്കാനാണ് അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷകാലത്തേക്ക് ഉയര്‍ത്തിയത്.
Also Read: 'കയ്യീന്ന് പോയതുകൊണ്ടാണ്.. ഞാന്‍ പോവുകയാണ് മക്കളേ..'; വിഡിയോ പങ്കുവച്ച് അധ്യാപകന്‍ ജീവനൊടുക്കി
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപിയില്‍ വലിയ തിരിച്ചടിയാണുണ്ടായത്. സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് കൂടുതലായി നടന്നിരുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത് പ്രകടമായിരുന്നു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ബിജെപി തോറ്റതിനുള്ള ഒരു കാരണം അഗ്നിവീര്‍ പദ്ധതിയോടുള്ള എതിര്‍പ്പായിരുന്നു ഇതേ തുടര്‍ന്നുണ്ടായ വിലയിരുത്തല്‍. 2022 ല്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം കിഴക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും രാജസ്ഥാനിലും വലിയ പ്രതിഷേധങ്ങളുണ്ടായി.
തിരഞ്ഞെടുപ്പില്‍ 240 സീറ്റ് നേടിയ ബിജെപി സഖ്യകക്ഷികള്‍ക്കൊപ്പമാണ് ഭരിക്കുന്നത്. ഭരണത്തിലെത്തിയതിനു പിന്നാലെ സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡ്, തെലുങ്കുദേശം പാര്‍ട്ടി, ലോക്ജനശക്തി പാര്‍ട്ടി എന്നിവര്‍ അഗ്നിവീര്‍ സ്കീം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് ആദ്യ ബാച്ചിന്‍റെ കാലാവധി എത്തുന്ന സമയത്ത് അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 25 ശതമാനം അഗ്നിവീറുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും സ്ഥിരം സേവനം ലഭിക്കാത്ത ബാക്കിയുള്ളവര്‍ക്ക് രണ്ടു വര്‍ഷം അധിക കാലാവധി നല്‍കാനുമാണ് കേന്ദ്രത്തിന്‍റെ തീരുമാനം. മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാല്‍ ഇവര്‍ക്കും സാധാരണ സൈനികരായി സേനയില്‍ ചേരാന്‍ സാധിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് ജയിക്കേണ്ടതുണ്ട്. സായുധസേനകളിലെ റിക്രൂട്ട്മെന്റിന് വലിയ പ്രധാനം ലഭിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്കിടയില്‍ ഇതൊരു പ്രശ്നമാണെന്ന അഭിപ്രായം ലഭിച്ചിരുന്നെന്നും സ്ഥിര ജോലി ലഭിക്കാത്തവരുടെ പ്രതിഷേധം ഇല്ലാതിരിക്കാനാണ് തീരുമാനമെന്നും മുതിര്‍ന്ന ബിജെപി നേതാവ് ദി ഹിന്ദുവിനോട് പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, യുജിസിക്കെതിരായ പ്രതിഷേധം എന്നിങ്ങനെ ജെന്‍സികള്‍ക്കിടയില്‍ പുകയുന്ന പ്രശ്നങ്ങളിലൊന്നിനെ ഇല്ലാതാക്കാന്‍ ബിജെപിക്ക് ഇതിലൂടെ സാധിക്കും.