rahul-gandhi-letter-to-amit-shah-pellet-gun-student-protest
  • യൂണിഫോം ഇല്ലാതെ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണെന്നും ഉത്തരവാദിത്തം ആരേല്‍ക്കുമെന്നും രാഹുല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കിരാതമായി തല്ലിച്ചതയ്ക്കാന്‍ ഉത്തരവിട്ടത് ആരെന്ന ചോദ്യമുയര്‍ത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ആരാണെന്നും യൂണിഫോം ഇല്ലാതെ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണെന്നും ഉത്തരവാദിത്തം ആരേല്‍ക്കുമെന്നും രാഹുല്‍ അമിത് ഷായ്ക്കെഴുതിയ കത്തില്‍ ചോദിക്കുന്നു.  

'പ്രിയപ്പെട്ട അമിത് ഷാ, ജൂലൈ 20ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന കിരാതമായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അറിയേണ്ടതുണ്ട്. നമ്മുടെ വിദ്യാര്‍ഥികള്‍ നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പടുന്നു. അവരെ കേള്‍ക്കുന്നതിന് പകരം സുരക്ഷാ സംഘം മാരകായുധങ്ങളും കണ്ണീര്‍ വാതകവുമായാണ് അന്ന് നേരിട്ടത്. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. വിദ്യാര്‍ഥിനികളെ പൊലീസുകാര്‍ അപമാനിച്ചു. അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്കും കടന്നുകയറ്റമുണ്ടായി.

പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം അങ്ങേയറ്റം ഞെട്ടലും നടുക്കവും ഉണ്ടാക്കി. സാരമായ പരുക്കുകള്‍ വിദ്യാര്‍ഥികള്‍ക്കേറ്റു. മാധ്യമപ്രവര്‍ത്തകനും അക്കൂട്ടത്തിലുണ്ട്. 19കാരനായ സഹില്‍ ലൊച്ചാബെന്ന യുവാവിനെ ഞാന്‍ നേരില്‍ കണ്ടു. പെല്ലറ്റ് തറച്ച് കയറി കാഴ്ച ഏകദേശം നശിക്കാറായ അവസ്ഥയിലാണ് അവന്‍. 

ഡല്‍ഹിയിലെ സുരക്ഷാ സൈന്യം മറുപടി നല്‍കേണ്ടത് ആഭ്യന്തര മന്ത്രിയായ അങ്ങേയ്ക്കാണ്. അതുകൊണ്ട് എനിക്ക് ചില ചോദ്യങ്ങളുണ്ട്. 1. പെല്ലറ്റ് ഗണ്‍ പോലെയുള്ള മാരകായുധങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉപയോഗിക്കാന്‍ ആഭ്യന്തരമന്ത്രിയായ താങ്കള്‍ അനുമതി നല്‍കിയിരുന്നോ? ഇല്ലെങ്കില്‍ ആരാണ് അതിന് ഉത്തരവിട്ടത്? 2. വിദ്യാര്‍ഥികളെ ലാത്തിയ്ക്കടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്ന യൂണിഫോമല്ലാത്ത വസ്ത്രം ധരിച്ചവര്‍ പൊലീസുകാരാണോ അതോ വൊളന്‍റീയര്‍മാരാണോ? ആരാണ് അവരെ നിയോഗിച്ചത്? 

സമാധാനപരമായ പ്രതിഷേധം ഏത് ജനാധിപത്യത്തിന്‍റെയും അടിസ്ഥാന ഘടകമാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സംരക്ഷിക്കേണ്ടതും അവരുടെ പരാതി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തരം ക്രൂരമായ അക്രമങ്ങള്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തുന്നതാണ്. യുവാക്കളും വിദ്യാര്‍ഥികളും രാജ്യത്തിന്‍റെ ഭാവിയാണ്. അവര്‍ ഉത്തരങ്ങളും ഉത്തരവാദികളെയും തേടുന്നു. അവരുടെ ശബ്ദം കേള്‍ക്കേണ്ടതുണ്ട്'- രാഹുലിന്‍റെ കത്തില്‍ പറയുന്നു.

ENGLISH SUMMARY:

Opposition Leader Rahul Gandhi has written an open letter to Union Home Minister Amit Shah, demanding accountability for the brutal police crackdown on protesting students in New Delhi on July 20. Rahul Gandhi questioned who authorized the use of lethal weapons such as pellet guns against peaceful demonstrators demanding justice in the NEET exam controversy. The letter highlights severe injuries sustained by students, including 19-year-old Sahil Lochab facing potential blindness, alongside allegations of misconduct against female students and journalists. Rahul specifically questioned whether the Home Minister sanctioned pellet gun use and inquired about unidentified individuals in civilian clothes seen assaulting protesters. The opposition leader emphasized that peaceful protest is a fundamental democratic right and urged the government to address the students' grievances.