ധർമേന്ദ്ര പ്രധാന്‍ (ഫയല്‍ ചിത്രം/എഎന്‍ഐ)
കഴിഞ്ഞ 12 വർഷത്തിനിടെ ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി. ഈ ആഘാതം എങ്ങനെ മറികടക്കും എന്നാണ് ഇനി അറിയാനുള്ളത്. ഒപ്പം മന്ത്രിസഭ പുനസംഘടന വീണ്ടും ചർച്ചയാവുകയാണ്. പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചിട്ട് നടക്കാത്തത് സാധിച്ചടുത്ത സിജെപിയുടെ അടുത്ത നീക്കവും രാജ്യം ഉറ്റുനോക്കുന്നു.
വിദ്യാഭ്യാസരംഗത്ത് സമഗ്ര അഴിച്ചുപണി വേണമെന്ന ആവശ്യം കേന്ദ്രസർക്കാറിന് ഇനി തള്ളിക്കളയാനാവില്ല. പക്ഷേ അതത്ര എളുപ്പവുമല്ല. വിശദമായ ചർച്ചകൾ ആവശ്യമാണ്. യുവാക്കളുടെയും പ്രതിപക്ഷ പാർട്ടികളുടെയും അഭിപ്രായവും മാനിക്കേണ്ടി വരും. ഇതെല്ലാം കണക്കിലെടുത്തായിരിക്കും മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ വകുപ്പ് കൈമാറ്റം. അതോടൊപ്പം ധർമ്മേന്ദ്രപ്രധാന് സുപ്രധാനമായ എന്തെങ്കിലും പദവികൾ നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്.
മറുവശത്ത് സി ജെ പി യുടെ അടുത്തനീക്കം എന്തായിരിക്കും എന്നാണ് അറിയാനുള്ളത്. വിദ്യാർത്ഥി യുവജന കൂട്ടായ്മ എന്നതിൽ നിന്ന് മാറി രാഷ്ട്രീയ പാർട്ടി ആവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. അങ്ങനെയെങ്കിൽ ബിജെപിക്ക് മാത്രമല്ല പ്രതിപക്ഷ പാർട്ടികൾക്കും അത് കടുത്ത വെല്ലുവിളിയാകും.
അതേസമയം, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പുറമെയുള്ള ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പിനുശേഷം തുടർനടപടികൾ തീരുമാനിക്കാൻ ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, പ്രതിഷേധക്കാർക്കെതിരെയോ സിജെപി ടീമിനെതിരെയോ പ്രതികാര നടപടിയുണ്ടാക്കരുത് തുടങ്ങിയ ആവശ്യങ്ങളിലാണ് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കേണ്ടത്. ചൊവ്വാഴ്ചയോടെ രേഖാമൂലം ഉറപ്പ് നൽകുമെന്നാണ് ഇന്നലത്തെ ചർച്ചയിൽ മന്ത്രിമാർ അറിയിച്ചത്.