MLA BP Harish (Left), Minister SS Mallikarjun (Right)  Image credit: X

MLA BP Harish (Left), Minister SS Mallikarjun (Right) Image credit: X

  • 'എംഎല്‍എയ്ക്കെതിരെ പുറത്തു പറയാന്‍ പാടില്ലാത്ത ഭാഷയാണ് മന്ത്രി പ്രയോഗിച്ചത്. എംഎല്‍എയുടെ മാതാപിതാക്കളെയും മന്ത്രി അപമാനിക്കുന്നുണ്ട്. ഇത് ഹരീഷിനെ മാത്രമല്ല, അദ്ദേഹത്തിലെ മണ്ഡലത്തിലെ ജനങ്ങളെ കൂടി അപമാനിക്കുന്ന നടപടിയാണ്'

പ്രാദേശിക കര്‍ഷകരുമായി സംവദിക്കുന്നതിനിടെ ബിജെപി എംഎല്‍എയെ പരസ്യമായി അസഭ്യം വിളിച്ചും കയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്തും കര്‍ണാടക മന്ത്രി എസ്.എസ്.മല്ലികാര്‍ജുന്‍ വിവാദത്തില്‍. ഭദ്ര റിസര്‍വോയറില്‍ നിന്നുള്ള വെള്ളം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരോട് സംസാരിക്കവേയായിരുന്നു ഹരിഹരയിലെ ബിജെപി എംഎല്‍എ ബി.പി.ഹാരിഷിനെതിരെ അപമാനകരമായ വാക്കുകള്‍ മന്ത്രി പ്രയോഗിച്ചത്. 

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഭദ്ര റിസര്‍വോയറില്‍ നിന്ന് വെള്ളം കാര്‍ഷികാവശ്യങ്ങള്‍ക്കായി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹരിഹറില്‍ നിന്നുള്ള ഒരു സംഘം കര്‍ഷകര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിയായ മല്ലികാര്‍ജുനെ കാണാനെത്തി. എംഎല്‍എ പറഞ്ഞതനുസരിച്ചാണ് വന്നതെന്ന് കര്‍ഷകര്‍ മന്ത്രിയോട് പറയുകയും ചെയ്തു. ഇതോടെയാണ് മന്ത്രി പൊട്ടിത്തെറിച്ചത്. 'കുടിക്കാന്‍ വെള്ളമില്ല, കൃഷിക്ക് വെള്ളമില്ല, കന്നുകാലികള്‍ക്കും വെള്ളമില്ലെന്ന് ഞങ്ങള്‍ എംഎല്‍എയോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം മന്ത്രിയോട് പോയി പറ എന്നാണ് പറഞ്ഞത്' - കര്‍ഷകര്‍ വിശദീകരിച്ചു. ഇത് കേട്ടതും തെറി പറഞ്ഞ ശേഷം 'അവനെ കണ്ടാല്‍ ചെരുപ്പൂരി തല്ലണം' എന്ന് പറയുകയായിരുന്നു. എംഎല്‍എയെ ഇനി ബഹുമാനാര്‍ഥം 'അണ്ണാ' എന്ന് വിളിക്കരുതെന്നും കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, കര്‍ഷകരോടുള്ള മന്ത്രിയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും വിഡിയോ വൈറലായതിന് പിന്നാലെ എംഎല്‍എ പ്രതികരിച്ചു. ' കര്‍ഷകരോട് നന്നായി പെരുമാറുന്നതിന് പകരം എന്നെ കുറിച്ച് അസഭ്യം പറയുന്നതിലാണ് മന്ത്രി ആനന്ദം കണ്ടെത്തിയത്. ജനങ്ങള്‍ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കും'- ഹരീഷ് പറഞ്ഞു. 

മന്ത്രിക്കെതിരെ ബിജെപി വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 'ഹരിഹരയിലെ എംഎല്‍എയ്ക്കെതിരെ പുറത്തു പറയാന്‍  പാടില്ലാത്ത ഭാഷയാണ് മന്ത്രി പ്രയോഗിച്ചത്. എംഎല്‍എയുടെ മാതാപിതാക്കളെയും മന്ത്രി അപമാനിക്കുന്നുണ്ട്. ഇത് ഹരീഷിനെ മാത്രമല്ല, അദ്ദേഹത്തിലെ മണ്ഡലത്തിലെ ജനങ്ങളെ കൂടി അപമാനിച്ചതു പോലെയാണ്. അധികാരം കൈയിലുണ്ടെന്ന് കരുതി ജനങ്ങളോട് ഇത്തരം ഭാഷയിലാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതെങ്കില്‍ ഉചിതമായ നടപടി ജനങ്ങള്‍ സ്വീകരിക്കും'- കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. 

ENGLISH SUMMARY:

Karnataka Minister S.S. Mallikarjun sparked a major controversy after using abusive language and calling for violence against BJP MLA B.P. Harish during an interaction with local farmers. The incident occurred when farmers from Harihara approached Mallikarjun requesting water from the Bhadra Reservoir, stating they came at the instruction of their local MLA. Enraged by their response, the minister hurled profanities and instructed the farmers to beat Harish with slippers instead of addressing him respectfully. BJP State President B.Y. Vijayendra and MLA B.P. Harish strongly condemned the remarks, warning that the public would teach the minister a lesson for disrespecting both the elected representative and his constituents.