dk-sivakumar-2

കര്‍ണാടകയിലെ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് ക്രോസ് വോട്ടിങ്. ഏഴില്‍ അഞ്ചു സീറ്റിലും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് ജയിക്കാമായിരുന്ന ഒരു സീറ്റ് നഷ്ടമായി. ബിജെപി രണ്ട് സീറ്റ് ജയിച്ചപ്പോള്‍ ഘടകകക്ഷിയായ ജനതാദളിന്റെ സ്ഥാനാര്‍ഥി തോറ്റു. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം ഡി.കെ. ശിവകുമാറിന്‍റെ ആദ്യ പ്രധാന വെല്ലുവിളിയായിരുന്നു എംഎല്‍സി തിരഞ്ഞെടുപ്പ്.  

 

135 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 151 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്‍റെ അംഗബലത്തിനേക്കാള്‍ 16 വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചു. 64 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ക്കുമായി ലഭിച്ചത് 56 വോട്ടാണ്. എട്ടു വോട്ടിന്‍റെ കുറവ് ബിജെപിക്കുണ്ടായി.  18 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. ബിജെപിയുടെ മൂന്ന് എംഎല്‍എമാരുടെ വോട്ട് സഹിതം 21 വോട്ട് നേടി ജയിക്കാം എന്നതായിരുന്നു മുന്നണിയിലെ ധാരണ. എന്നാല്‍ ജെഡിഎസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 14 വോട്ട്. 

 

എന്‍ഡിഎയിലെ 12 വോട്ടുകവലാണ് മറിഞ്ഞത്. ബിജെപിയിലെ എട്ടു വോട്ടും ജെഡിഎസിലെ നാലും. എത്രവോട്ടുകള്‍ കോണ്‍ഗ്രസിന് പോയെന്നും എത്രയെണ്ണം അസാധുവായെന്നും കണക്കാക്കിയിട്ടില്ല. ക്രോസ് വോട്ട് ചെയ്തവരെ തിരിച്ചറിയുമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും കര്‍ണാടക ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ക്രോസ് വോട്ടിംഗിനെക്കുറിച്ച് കോൺഗ്രസിന് ഒരു വിവരവുമില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

 

ക്രോസ് വോട്ടിംഗുമായി ബന്ധപ്പെട്ട് വിശദീകരണം തേടാനായി ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കർണാടക പാർട്ടി അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പയെയും നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. ജൂൺ 23 ന് പാര്‍ട്ടി നേതൃത്വത്തെ കാണാനാണ് നല്‍കിയ നിര്‍ദ്ദേശം. 

ENGLISH SUMMARY:

In a major political setback for the BJP in Karnataka, cross-voting in the Legislative Council election resulted in the Congress winning five out of the seven contested seats, while the NDA candidate from the JD(S) faced an unexpected defeat. Despite having a lower legislative strength, Congress secured 151 votes—16 more than their actual count—while the BJP and JD(S) coalition suffered from the loss of 12 votes that deviated from the party line. Karnataka Chief Minister D.K. Shivakumar has denied any prior knowledge of the cross-voting, as the BJP central leadership summoned state party president B.Y. Vijayendra to Delhi for an emergency explanation. This incident, being dubbed the "D.K. Effect," has sent shockwaves through the BJP's national leadership, prompting an internal probe into the cross-voting within the NDA ranks.