jayadeva-hospital-mysuru-deaths

കർണാടകയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ കൂട്ടത്തോടെ മരണമടഞ്ഞു. ഐ.സി.യുവിലെ (ICU) ഡോക്ടർമാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രി മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, ചികിത്സാപ്പിഴവോ ഡോക്ടർമാരുടെ കുറവോ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ഈ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചു.

മരണപ്പെട്ട 11 പേരും 70-നും 80-നും മധ്യേ പ്രായമുള്ളവരാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിലെ ഐ.സി.യു സംവിധാന പ്രകാരം ഒരു ദിവസം പരമാവധി 18 രോഗികളെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കൂ. എന്നാൽ, കഴിഞ്ഞ ദിവസം മാത്രം അടിയന്തര സാഹചര്യത്തിൽ 25 രോഗികളെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ലഭ്യമായ സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ചാണ് ഡോക്ടർമാർ ചികിത്സ നൽകിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ആശുപത്രി അധികൃതരുടെ വിശദീകരണം തള്ളിക്കളഞ്ഞ മരിച്ചവരുടെ കുടുംബങ്ങൾ, കൂട്ടമരണത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന നിലപാടിലാണ്. ഹൃദ്രോഗികൾ കിടക്കുന്ന ഐ.സി.യുവിൽ ആവശ്യത്തിന് ജീവൻരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും, രാത്രി സമയങ്ങളിൽ രോഗികളെ പരിചരിക്കാൻ ആവശ്യത്തിന് ഡോക്ടർമാർ ലഭ്യമായിരുന്നില്ലെന്നുമാണ് കൂട്ടിരിപ്പുകാരുടെ പ്രധാന പരാതി. വരും ദിവസങ്ങളില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം കനക്കാനും സാധ്യതയുണ്ട്.

ENGLISH SUMMARY:

Jayadeva Hospital in Mysuru, a super specialty cardiac care center in Karnataka, is facing severe backlash after 11 patients died within a 24-hour period. Relatives allege a shortage of ICU doctors and lack of basic facilities contributed to the fatalities, while the hospital superintendent denies any treatment errors or staff deficiency.