സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തം. എസ്.പിയില്‍ ഉടന്‍ പിളര്‍പ്പുണ്ടാകുമെന്ന് യു.പിയിലെ മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്‍ബര്‍ പറഞ്ഞു. വലിയ രാഷ്ട്രീയ മാറ്റം നടക്കാന്‍ പോവുകായാണെന്നും പിളര്‍പ്പുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.
ഒരാള്‍ സ്വയം വില്‍ക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് മറ്റൊരാള്‍ക്ക് വാങ്ഹാന്‍ സാധിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ശ്രദ്ധ കൊടുക്കരുത്. യു.പിയാണ് അടുത്ത ഊഴം എന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്. മഹാരാഷ്ട്രയും ബംഗാളിലും മറന്നേക്കൂ - മുഴുവൻ എസ്പിയും ബിജെപിയിൽ ചേരാൻ തയ്യാറായി ഇരിക്കുകയാണ് എന്നും രാജ്ഭർ പിന്നീട് എക്സ് പോസ്റ്റില്‍ കുറിച്ചു.
എസ്.പി നേതാവ് രാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി പറയപ്പെടുന്ന കത്തിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. 'രാം ഗോപാല്‍ ജീ അമിത് ഷായ്ക്ക് കത്തയച്ചത് നിങ്ങള്‍ കണ്ടില്ലേ. ഇതൊക്കെയാണ് പേരുകള്‍. ഇവരെ വിളിച്ച് കൂടെ കൂട്ടിക്കോളൂ, ഞങ്ങളെ സുരക്ഷിതരാക്കണം എന്നാണ് കത്തിലുള്ളത്. എന്താണ് കത്തിലെന്ന് രാം ഗോപാല്‍ ജി വ്യക്തമാക്കണം' എന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസില്‍ ജയിലില്‍ പോകാതിരിക്കാനാണ് ഇതെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.
പശ്ചിമബംഗാളില്‍ 20 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വിമത നീക്കം നടത്തിയതിന് പിന്നാലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും പിളര്‍പ്പെന്നാണ് സൂചന. പാര്‍ട്ടി പിളര്‍ത്താന്‍ എംപിമാര്‍ക്ക് ഷിന്‍ഡെ വിഭാഗം 15 കോടിരൂപ വീതം ചെലവാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ ഒന്‍പത് എംപിമാരില്‍ നാലു പേര്‍ മാത്രമാണ് നേരിട്ട് പങ്കെടുത്തത്.